കനകമല ഐഎസ് കേസിലെ പ്രതി പിടിയിൽ: എൻ.ഐ.എ അറസ്റ്റ് ചെയ്തത് ജോർജിയയിൽ നിന്നെത്തിച്ച്‌

കൊച്ചി: കനകമല ഐഎസ് റിക്രൂട്ട്മെന്‍റ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ. പ്രതി മുഹമ്മദ് പോളക്കാനിയാണ് പിടിയിലായത്. ഇയാളെ ജോർജിയയിൽ നിന്നെത്തിച്ച്‌ എൻ.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കണ്ണൂര്‍ പാനൂരിലെ കനകമലയിൽ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന കേസ് 2016 ലാണ് എൻഐഎ രജിസ്റ്റർ ചെയ്തത്. അൽ ഖ്വയ്ദ തീവ്രവാദികൾക്കൊപ്പം ഇയാളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യും. ജോർജിയയിലായിരുന്ന ഇയാളെ അവിടെ നിന്നും രാജ്യത്തെത്തിച്ചാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

ഒമ്പത് പ്രതികളാണ് എൻഐഎ കുറ്റപത്രത്തിലുള്ളത്. ഇതിൽ 7 പേർക്ക് ശിക്ഷ വിധിച്ചു. ഒരാളുടെ വിചാരണ ഇപ്പോൾ കൊച്ചിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കേസിലെ അവസാന പ്രതിയും പിടിയിലാകുന്നത്.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. എഴാം പ്രതി സജീർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. ഒന്നാംപ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. ഒന്നാം പ്രതി മൻസീദ് ആണ് കുറ്റകൃത്യങ്ങളുടെ ബുദ്ധികേന്ദ്രമെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതി ബോംബ് ഉണ്ടാക്കാനും സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നു.