ലോകായുക്ത നിയമഭേദഗതി: എതിര്‍പ്പ് ആവര്‍ത്തിച്ച്‌ കാനം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരായ എതിര്‍പ്പ് ആവര്‍ത്തിച്ച്‌ കാനം രാജേന്ദ്രന്‍. അടിയന്തര സാഹചര്യം എന്താണ് എന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടതിനാലാകണം അദ്ദേഹം നിയമഭേദഗതിയില്‍ ഒപ്പിട്ടതെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോകായുക്ത നിയമഭേദഗതിയെക്കുറിച്ച്‌ ഞങ്ങള്‍ വ്യത്യസ്ത നിലപാട് പറയുകയല്ല ചെയ്തത്, അടിയന്തര സാഹചര്യമെന്ത് എന്ന ചോദ്യമാണ് ഉന്നയിച്ചത്. ആ ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല -കാനം പറഞ്ഞു.

അടിയന്തര സാഹചര്യം എന്താണ് എന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് ബോധ്യമല്ല. ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടതിനാലാകണം അദ്ദേഹം ഒപ്പിട്ടത്. ചര്‍ച്ച നടന്നാലേ ബോധ്യപ്പെടൂ. ചര്‍ച്ച ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകായുക്ത നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം. രണ്ടാഴ്ച മുമ്ബാണ് ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍ നല്‍കിയത്. ഒപ്പിടാതെ ഗവര്‍ണര്‍ നിയമോപദേശമടക്കം തേടിയിരുന്നു. വിദേശത്തുനിന്ന് മുഖ്യമന്ത്രി ഇന്നലെ തിരിച്ചെത്തി ഗവര്‍ണറെ സന്ദര്‍ശിച്ച്‌ ഓര്‍ഡിനന്‍സിന്റെ സാഹചര്യം വിശദീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.