കർണാടകയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവെഫലം

ബെംഗളുരു: കർണാടകയിൽ 224 അംഗ നിയമസഭയിൽ 103 മുതൽ 118 വരെ സീറ്റുകൾ നിലനിർത്തി ബിജെപി അധികാരം നിലനിർത്തുമെന്ന സൂചന നൽകി സീ അഭിപ്രായ സർവെ ഫലം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവെ പറയുന്നു. കോൺഗ്രസ് തന്നെയാകും രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി. 82 മുതൽ 97 വരെ സീറ്റുകൾ വരെ കോൺഗ്രസ് സംസ്ഥാനത്ത് നേടും. 41 ശതമാനം വോട്ടും കരസ്ഥമാക്കും. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ജെഡിഎസ് മുന്നേറും.

സംസ്ഥാനത്ത് ക്യാമ്പുചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണങ്ങൾ ബിജെപിയ്‌ക്ക് മേൽക്കൈ ഉണ്ടാക്കിതായും സർവെയിൽ പറയുന്നു. അതേസമയം ജനതാദൾ 28 മുതൽ 33 സീറ്റുവരെ നേടും. പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ പുറത്തുവന്ന സർവെകൾ കോൺഗ്രസിന് നേരിയ മുൻതൂക്കം നൽകിയിരുന്നതാണ്. ബിജെപി ദേശീയ നേതൃത്വം കർണാടകയിലെത്തി പ്രചരണത്തിൽ സജീവമായതോടെ കോൺഗ്രസ് താഴേക്ക് പോയി.

കർണാടകയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയിലടക്കം വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. കേന്ദ്രമന്ത്രിമാരും പാർട്ടി അദ്ധ്യക്ഷനും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. സുമലത അംബരീഷും സൂപ്പർ സ്റ്റാർ കിച്ച സുദീപും പ്രചരണത്തിനിറങ്ങിയത് പാർട്ടിക്ക് നേട്ടമായി.