കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്, ഭാസുരാംഗന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

എറണാകുളം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ ഭാസുരാംഗന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ പിഎംഎൽഎ പ്രത്യേക കോടതിയാണ് ഭാസുരാംഗന്റെയും മകൻ അഖിൽ ജിത്തിന്റെയും ജാമ്യാപേക്ഷ തള്ളിയത്.

ഇരുവർക്കും ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു.  കഴിഞ്ഞ ദിവസം ഭാസുരാംഗന്റെ 1. 02 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഈ മാസം 19-ന് കേസുമായി ബന്ധപ്പെട്ട് ഭാസുരാംഗനും കുടുംബത്തിനുമെതിരെ ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു.

അതേസമയം, ഭാസുരാംഗന്റെ ഭാര്യ, മകൾ, മരുമകൻ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചു. ഫെബ്രുവരി അഞ്ചിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് നടത്തിയത്.

ഭാസുരാംഗനാണ് കേസിലെ ഒന്നാം പ്രതി. മകൻ അഖിൽ രാജ്, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.