സർവീസ് ബുക്ക്, ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽ നോമിനിയാക്കിയില്ല, സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെ ഭർത്താവ് കൊലപ്പെടുത്തി

ഭോപ്പാൽ∙ സർവീസ് ബുക്കിൽ നോമിനിയാക്കാത്തതിന് സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെ തൊഴിൽരഹിതനായ ഭർത്താവ് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തി. മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലെ ഷാപുരയിലെ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിഷ നാപിറ്റ്(51) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് മനീഷ് ശർമ (45) അറസ്റ്റിൽ.

2020ൽ മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടായിരുന്നു ഇവരുടെ വിവാഹം. തൊഴിൽരഹിതനായ മനീഷ് ശർമ പണത്തിനായി നിഷയെ ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ സർവീസ് ബുക്ക്, ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽ തന്നെ നോമിനിയാക്കിയിട്ടില്ലെന്നത് തിരിച്ചറിഞ്ഞതോടെയായിരുന്നു കൊലപാതകം.

എപ്പോഴും പണം ചോദിച്ച് മനീഷ് ശർമ്മ നിഷയെ ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു.അവളുടെ സർവീസ് ബുക്ക്, ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് എന്നിവയിൽ നോമിനി ആകണം എന്ന് അയാൾ വാശിപിടിച്ചു, എന്നാൽ നിൽ അത് നിരസിക്കുക പതിവായിരുന്നു, എന്നാൽ, ഞായറാഴ്ച വൈകുന്നേരം ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് മനീഷ് എസ്ഡിഎം ഭാര്യയുടെ വായിൽ തലയണ കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് വാഷിംഗ് മെഷീനിൽ തലയിണ, ബെഡ്‌ഷീറ്റുകൾ, മറ്റ് വസ്ത്രങ്ങൾ കഴുകി തെളിവുകൾ മറയ്ക്കാൻ പ്രതി ശ്രമിച്ചു. എന്നാൽ പോലീസും എഫ്എസ്എൽ സംഘവും ഇയാൾക്കെതിരെ മതിയായ തെളിവുകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിക്കെതിരെ ഐപിസി 302, 304 ബി, 201 വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകിട്ടാണ് അബോധാവസ്ഥയിൽ നിഷയെ ഇയാൾ ആശുപത്രിയിലേക്കെത്തിക്കുന്നത്. മരണം സ്ഥിരീകരിച്ച ആശുപത്രി അധികൃതർ, വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നെന്നും അതിനാലാകം മരണമെന്നുമാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ നിഷയുടെ സഹോദരി അത് നിഷേധിച്ചു. പണത്തിനായി തന്റെ സഹോദരിയെ എപ്പോഴും മനീഷ് ഉപദ്രവിക്കുമായിരുന്നെന്നു മൊഴിനൽകി. മുക്കിലും വായിലും രക്തം കണ്ടതിനാൽ പോസ്റ്റ്‌മോർട്ടം നടത്തുകയും അതില്‍ ശ്വാസംമുട്ടിയുള്ള മരണമെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു.