കല്യാണവീട്ടിലെ ബോംബ് സ്ഫോടനം; ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ: തോട്ടടയിൽ കല്യാണവീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഏച്ചൂർ സംഘത്തിൽപ്പെട്ട രാഹുൽ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായിരിക്കുകയാണ്. തോട്ടടയിൽ മിഥുനൊപ്പം സംഘർഷത്തിൽ രാഹുലും പങ്കാളിയായിരുന്നു.അതേസമയം ബോംബ് നിർമ്മിക്കാൻ വെടിമരുന്ന് നൽകിയ അനൂപിനായി തിരച്ചിൽ തുടരുകയാണ്. ബോംബുമായി എത്തിയ സംഘത്തിൽ പെട്ട ആളായിരുന്നു മരിച്ച ജിഷ്ണു. കല്ല്യാണത്തലേന്ന് വരന്റെ വീട്ടിൽ ഏച്ചൂരിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘർഷം. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാൻ ഏച്ചൂർ സംഘം ബോംബുമായി എത്തുകയായിരുന്നു.

ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിൻറെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കുമേറ്റു. ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുൻ എന്ന മറ്റൊരു സുഹൃത്തിനും ബോംബ് കൈവശമുള്ള കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതിൽ ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടനവസ്തുക്കൾ ചേർത്ത് നാടൻ ബോംബുണ്ടാക്കിയത്.