ജയമാധവന്‍ വീണ് പരിക്കേറ്റെന്ന വിവരം അയല്‍വാസികളെ അറിയിക്കാതെ ആദ്യം അറിയിച്ചത് വളരെ അകലെ താമസിക്കുന്ന വീട്ടുജോലിക്കാരിയെ

തിരുവനന്തപുരം : കൂടത്തില്‍ തറവാട്ടിലെ ഏഴ് മരണങ്ങളില്‍ നാലു കാരണങ്ങളാലാണു ദുരൂഹത നിലനില്‍ക്കുന്നത്.

1. ജയമാധവന്‍ നായരുടെ നെറ്റിയില്‍ മുറിവേറ്റ പാടുണ്ടായിരുന്നെന്നു വിവരം ലഭിച്ചു.

2. ജയമാധവന്‍ നായര്‍ക്കു വീണു പരുക്കേറ്റതായി അയല്‍വാസികളെ വിവരം അറിയിച്ചില്ല. വളരെ അകലെ താമസിക്കുന്ന വീട്ടുജോലിക്കാരിയെയാണ് അറിയിച്ചത്.

3. അയല്‍വാസി തന്റെ ഓട്ടോറിക്ഷ പാര്‍ക്കു െചയ്യുന്നത് കൂടത്തില്‍ തറവാട്ടിലാണ്. എന്നാല്‍ വീട്ടുജോലിക്കാരിയെക്കൊണ്ടു സ്റ്റാന്‍ഡില്‍നിന്നു മറ്റൊരു ഓട്ടോ വിളിപ്പിച്ചാണു ജയമാധവന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോയത്.

4. ജയമാധവന്‍നായരുടെ മരണത്തിനു പിന്നാലെ രവീന്ദ്രന്‍ നായര്‍ രണ്ടു പേര്‍ക്കായി 25 ലക്ഷം രൂപ, 5 ലക്ഷം രൂപ വീതം കൈമാറിയതു സംശയാസ്പദം.

ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത് 3 മാസം നീണ്ട അന്വേഷണത്തിനൊടുവില്‍. റവന്യു ഉദ്യോഗസ്ഥനാണെന്ന വ്യാജേന താടി വളര്‍ത്തി രൂപം മാറിയെത്തിയ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് ആരോപണ വിധേയര്‍ പറഞ്ഞ പരസ്പരവിരുദ്ധ മൊഴികളാണു ദുരൂഹത സംശയിക്കാന്‍ കാരണം.

പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ആന്തരാവയവ പരിശോധനാഫലം കിട്ടിയിട്ടില്ല.