ക്ഷേമ പെൻഷനുകൾ അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ധൂർത്തിന് പണം അനുവദിക്കാനാകില്ല, കട്ടപ്പന നഗരസഭ

ഇടുക്കി: ക്ഷേമ പെൻഷനുകൾ അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ നവകേരള സദസ്സെന്ന ദൂർത്തിന് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന തീരുമാനവുമായി കട്ടപ്പന നഗരസഭ. നവകേരള സദസ്സുമായി സഹകരിക്കേണ്ടതില്ലെന്ന കെ.പി.സി.സി നിലപാടിനൊപ്പമാണ് യു.ഡി.എഫ് ഭരിക്കുന്ന കട്ടപ്പന നഗരസഭയും. വിഷയം കൗൺസിലിൽ ചർച്ചക്കെടുത്തതിന് പിന്നാലെ ഭരണ, പ്രതിപക്ഷ ബഹളവുമുണ്ടായി.

കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ വിഷയം ചർച്ചയ്ക്ക് വന്നതോടെയാണ് പരിപാടിക്കായി ഫണ്ട് അനുവദിക്കേണ്ടന്ന തീരുമാനമെടുത്തത്. ക്ഷേമ പെൻഷനുകൾ അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ധൂർത്തിന് പണം അനുവദിക്കാനാകില്ലെന്ന് ഭരണകക്ഷി അംഗങ്ങൾ വ്യക്തമാക്കി. ഇതോടെ കൗൺസിൽ പ്രക്ഷുബ്ധമായി.

നവകേരള സദസ്സില്‍ രാഷ്ട്രീയം കലർത്തുകയാണെന്നും നാടിന്‍റെ വികസനം ചർച്ച ചെയ്ത് നടപ്പാക്കുന്നതിനെയാണ് യു.ഡി. എഫ് എതിർക്കുന്നതെന്ന് എൽ.ഡി. എഫ് അംഗങ്ങൾ വിമർശിച്ചു. ഡിസംബർ 10നാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇടുക്കിയിലെത്തുന്നത്.12ന് ജില്ലയിലെ പര്യടനം അവസാനിക്കും.