വാതില്‍പ്പടി റേഷന് അനുമതി നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‍രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ‘വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതി ‘നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ ​ കത്തയച്ചു. ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്​കരിച്ച വാതില്‍പ്പടി റേഷന്‍ പദ്ധതിക്ക്​ കേന്ദ്രം അനുമതി നിഷേധിച്ചതിന്​ പിന്നാലെയാണ്​ കെജ്​രിവാള്‍ മോദിക്ക്​ കത്തയച്ചത്​.

സംസ്ഥാനത്ത് 72 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളെ സഹായിക്കുന്ന പദ്ധതിക്ക്​ ഉടന്‍ അനുമതി നല്‍കണം. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്താന്‍ തയാറാണെന്നും ​അയച്ച കത്തില്‍ കെജ്​രിവാള്‍ ചൂണ്ടിക്കാട്ടുന്നു .

പദ്ധതിക്ക് കേന്ദ്രം ​ അനുമതി നിഷേധിച്ചതിന്​ പിന്നാലെ കഴിഞ്ഞ ദിവസം കെജ്​രിവാള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്ത്​ വന്നിരുന്നു. പിസയും, ബര്‍‌ഗറും, സ്​മാര്‍ട്ട്​ഫോണുകളും മറ്റും ഹോം ഡെലിവറി ആയി വീട്ടില്‍ എത്തിക്കാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ട് റേഷന്‍‌ ഉടമകളുടെ വീട്ടില്‍‌ എത്തിക്കാന്‍‌ കഴിയില്ലെന്ന്​ കെജ്‌രിവാള്‍‌ ചോദിച്ചു. റേഷന്‍ ഷാപ്പുകളിലേക്ക്​ ജനക്കൂട്ടമെത്തുന്നത് കോവിഡ്​ കാലത്ത്​ അപകടസാധ്യത കൂട്ടും ​. റേഷന്‍ കടകള്‍ സൂപ്പര്‍ സ്​പ്രെഡുകളായി മാറുമെന്നും കെജ്​രിവാള്‍ വിമര്‍ശിച്ചിരുന്നു .

അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ആളുകളെ സഹായിക്കാനാണ് ഞങ്ങള്‍ ഈ പദ്ധതി ആവിഷ്​കരിച്ചത്​. മഹാമാരിയുടെ സങ്കീര്‍ണത മറി കടക്കാന്‍ കടയില്‍ പോയി റേഷന്‍ വാങ്ങാന്‍ മടിക്കുന്നവര്‍ക്ക് ഇത് സഹായമാകുന്ന പദ്ധതിയാണിതെന്നും കെജ്​രിവാള്‍ കൂട്ടിച്ചേര്‍ത്തു .