മതപരിവർത്തനം നടത്താൻ ശ്രമം, മലയാളി ദമ്പതികൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ

ഉത്തർപ്രദേശിൽ മതപരിവർത്തനം നടത്തിൻ ശ്രമിച്ച മലയാളി ദമ്പതികൾ അറസ്റ്റിൽ. ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിലെ പാസ്റ്റർ സന്തോഷ് ജോണും ഭാര്യ ജിജിയുമാണ് അറസ്റ്റിലായത്. ബജ്‌റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാസിയാബാദിലെ ഇന്ദിരാ പൂരിലെ ബജ്‌റംഗ്ദൾ പ്രവർത്തകൻ പ്രവീൺ നാഗറിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. 1996 മുതൽ ഗാസിയാബാദിൽ താമസക്കാരാണ് പാസ്റ്ററും ഭാര്യ ജിജിയും. കനാവനി ഗ്രാമത്തിലെ രണ്ടു പേർ നൽകിയ പരാതിപ്രകാരമാണ് അറസ്റ്റ്. 20 പേരെ മതപരിവർത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച്ച ഇന്ദിരാപുരത്തെ സ്വകാര്യ ഹാളിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ച സന്തോഷ് ജോണിനെ ബജ്‌റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തിരുന്നു. സന്തോഷ് ജോൺ ദരിദ്രരായ ഹിന്ദു മത വിശ്വാസികളെ പണം നൽകി മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം. ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ട് ലക്ഷം രൂപ വീതവും വീട് പണിയാൻ ഭൂമിയും ദമ്പതികൾ വാ​ഗ്ദാനം ചെയ്തെന്ന് പരാതി നൽകിയവർ ആരോപിച്ചു. അതേ സമയം അറസ്റ്റിനെതിരെ ശശി തരൂർ എം.പി രംഗത്ത് വന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാണക്കേടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആരോപണങ്ങളുടെ പേരിൽ മാത്രമാണ് അറസ്റ്റെന്നും തരൂർ പറഞ്ഞു .

ഇതിനിടെ ആരോപണങ്ങള്‍ നിഷേധിച്ച് സന്തോഷ് ജോണും, ക്രിസ്ത്യന്‍ സഭയും രംഗത്തെത്തി. മനപൂര്‍വ്വം കെട്ടിച്ചമച്ച കേസാണിതെന്നും വര്‍ഷങ്ങളായി യു.പിയിലെ ഗ്രാമങ്ങളില്‍ ആതുര സേവന പ്രവര്‍ത്തികളുമായി കഴിയുകയായിരുന്നു ഫാദറെന്നും സഭ പറഞ്ഞു. പുരോഹിതര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.

20 പേരെ മതപരിവര്‍ത്ത നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് കേസ്. ദമ്പതികളിൽ നിന്ന് ബാങ്ക് രേഖകളും സമൂഹമാധ്യമ ചാറ്റുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞു 2020ല്‍ യോഗി സര്‍ക്കാര്‍ നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫാദറിന്റെയും ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.