സ്വന്തമായി വീടില്ല ; പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി രാഹുൽ ഗാന്ധിക്ക് വീട് അനുവദിക്കണം; ബിജെപിയുടെ അപേക്ഷ

കൽപ്പറ്റ : കോടികളുടെ സ്വത്തുണ്ടായിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വീട് നിർമ്മിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി അപേക്ഷ നൽകി. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കണമെന്നാണ് അപേക്ഷ. ബിജെപി വയനാട് ജില്ലാ അദ്ധ്യക്ഷൻ കെപി മധുവാണ് കൽപ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകിയിയത്.

വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി തനിക്ക് സ്വന്തമായ് ഭവനമില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് വയനാട് ജില്ലയുടെ സിരാകേന്ദ്രമായ കൽപ്പറ്റയിൽ തന്നെ പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കണമെന്ന് അപേക്ഷയിൽ പറയുന്നു. അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് രാഹുൽ ഗാന്ധി റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പറഞ്ഞിരുന്നു.

വയനാട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന എംപിക്ക് സ്വന്തം വീടിന് അനുയോജ്യമായ സ്ഥലം വയനാട് തന്നെയാണെന്നും കെപി മധു അഭിപ്രായപ്പെട്ടു. ഇത് വൻ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് വീട് നിർമ്മിച്ച് നൽകണം എന്ന് ആവശ്യപ്പെട്ട് ബിജെപി വയനാട് ജില്ലാ നേതൃത്വം കൽപ്പറ്റ മുനിസിപ്പാലിറ്റിയെ സമീപിക്കുകയായിരുന്നു.