സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടേക്കും.

അതേസമയം, ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ ശമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തിൽ കാര്യമായി മഴ പെയ്തില്ല.എന്നാൽ നഗരത്തിലെ പലയിടത്തും വെളളക്കെട്ട് തുടരുകയാണ്. അഞ്ഞൂറിൽ അധികം ഇടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിൽ ഭൂരിഭാഗം ഇടങ്ങളിലും നിലവിൽ വെള്ളം ഇറങ്ങിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ വൈകീട്ട് കര കടന്നു. മഴയുടെ ശക്തി കുറഞ്ഞതിനാൽ ശക്തമായ മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. ചെന്നൈ, കടലൂർ, നീലഗിരി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. സംസ്ഥാനത്ത് മഴ കെടുതിയിൽ മരിച്ചവരുടെ കുടുീബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ കെ എസ് എസ് ആർ രാമചന്ദ്രൻ അറിയിച്ചു 14 പേരാണ് മഴക്കെടുതിയിൽ മരിച്ചത്.