കേരളീയം, സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, പ്രാധാന്യം നൽകേണ്ടത് മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്ക്

എറണാകുളം : കോടികൾ മുടക്കി സംസ്ഥാന സർക്കാർ കേരളീയം പരിപാടി സംഘടിപ്പിച്ചതിനെ ശക്തമായി വിമർശിച്ച് ഹൈക്കോടതി. സംസ്ഥാനം കടത്തിൽ മൂക്കറ്റം മുങ്ങി നിൽക്കുന്നതിനിടെയാണ് സർക്കാർ കോടികൾ മുടക്കി ഇത്തരമൊരു പരിപാടി നടത്തിയത്. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.

ആഘോഷ പരിപാടിയേക്കാൾ മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് സർക്കാരിനോട് കോടതി പറഞ്ഞു. ചിലരുടെ കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ് തുറപ്പിക്കാൻ. ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ കഴിയില്ല.

ഇക്കാര്യം ഭരണാധികാരികൾ മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ശമ്പളവും പെൻഷനും മുടങ്ങുന്ന, സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ലാത്ത, സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമം നിലനിൽക്കുന്ന, സംസ്ഥാന വിഹിതം ലഭിക്കാത്തതിനാൽ കേന്ദ്ര പദ്ധതികൾ മുടങ്ങി കിടക്കുന്ന സാഹചര്യങ്ങളിലാണ് കോടികൾ മുടക്കി സർക്കാർ കേരളീയം സംഘടിപ്പിക്കുന്നത്.

കെഎസ്ആർടിസി ഉദ്യോ​ഗസ്ഥരുടെ പെൻഷൻ വൈകിപ്പിക്കുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം. കേരളീയം പരിപാടി വൻവിജയം ആയിരുന്നതായി സർക്കാർ അവകാശപ്പെടുമ്പോളും പരിപാടിക്കെതിരെ ജനരോക്ഷം കത്തുകയാണ്. 5 മാസമായി ക്ഷേമപെൻഷൻ ഉൾപ്പടെ മുടങ്ങിയിട്ട്. ഇതിലൊന്നും തന്നെ പരിഹാരം കണ്ടെത്തുന്നതിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.