സവാദിന് പൂമാലയിട്ട് സ്വീകരണം, വനിതാ നവോത്ഥാന മതിലുപണിത നാട്ടിൽ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ ആരുമില്ലെഎന്ന് ജോയ് മാത്യു

കൊച്ചി : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയതിന് ജയിലിലായ യുവാാവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ സ്വീകരണം നൽകിയ സംഭവത്തിൽ കടുത്ത വിമർശനവുമായി നടൻ ജോയ് മാത്യു. വനിതാ നവോത്ഥാന മതിലുപണിത നാട്ടിൽ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ ആരുമില്ലെന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു വിമർശനം അറിയിച്ചത്. എല്ലാ രാഷ്‌ട്രീയ പാർട്ടികളിലും മഹിളാ സംഘടനകളും ഒപ്പം ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങളും സംഘടനകളുമുള്ള നാട്ടിൽ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും ഇതിനെതിരെ കാണുന്നില്ലെന്നും നടൻ വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി പ്രതി സവാദിന് ജാമ്യം അനുവദിച്ചത്. ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയത്.

‘പബ്ലിക് ബസിലിരുന്ന് പാന്റ്സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് അടുത്തിരിക്കുന്ന പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോഥാന സംസ്കാരം വളർന്നതിൽ നമ്മൾ അഭിമാനിക്കുക. വിപ്ലവകാരികളായ മഹിളാ സംഘടനകൾ എല്ലാ രാഷ്‌ട്രീയ പാർട്ടികളിലും ഉള്ളതു കൂടാതെ ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങൾ നിരവധിയായ ലൊട്ടുലൊടുക്ക് സംഘടനകളിലും ഉള്ള ഈ നാട്ടിൽ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും കാണാനാകുന്നില്ല എന്നതിലും നമുക്കഭിമാനിക്കാം. പ്രത്യേകിച്ചും വനിതാ നവോത്ഥാന മതിലുപണിത നാട്ടിൽ ! അല്ലെങ്കിൽ ഭാരതീയ സദാചാരബോധങ്ങളുടെ രാഷ്‌ട്രീയ പാർട്ടികളിലെ പെൺ അടിമക്കൂട്ടങ്ങളെ നമുക്ക് വെറുതേവിടാം. എന്നാൽ ഉപയോഗ ശൂന്യമായ ഇറച്ചിക്കഷ്ണങ്ങൾ പോലുള്ള സാഹിത്യ സാംസ്കാരികനായികാ നായകന്മാർ ഉള്ള ഈ കേരളക്കരയിൽ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാർ വരെ ഈ നാട്ടിൽ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത് !.’-ജോയ് മാത്യു കുറിച്ചു.