താമസം ലക്ഷ്വറി ഫ്ലാറ്റിൽ, ഉപയോ​ഗിക്കുന്നത് ബിഎംഡബ്ല്യു ബൈക്ക്, എംഡിഎംഎ പ്രതിയെ പൊക്കി പൊലീസ്

ഒരുവർഷത്തോളം ഒളിവിൽക്കഴിഞ്ഞിരുന്ന മയക്കുമരുന്നുകേസിലെ പ്രതിയെ പോലീസ് പിടികൂടി. കുണ്ടായിത്തോട് വെള്ളിവയൽ മുല്ലവീട്ടിൽ ഷാരൂഖ് ഖാൻ (22) നെയാണ് ബെംഗളൂരുവിൽ നിന്നും പിടികൂടിയത്.

2022 മേയ് ഒന്നിന് തുണിക്കടയിൽ ഒരാൾ എംഡിഎംഎ വിൽക്കുന്നുണ്ടെന്ന് നല്ലളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 48.80 ഗ്രാം എംഡിഎംഎയും 16,000 രൂപയുമായി പ്രതി പിടിയിലാവുന്നത്. എന്നാൽ അന്ന് പ്രതി പോലീസിനെ വിദഗ്ധമായി കബളിപ്പിച്ച് നാടുവിടുകയായിരുന്നു. പിന്നീട് ഇയാൾക്കായി പോലീസ് അരിച്ചുപെറുക്കിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. പിന്നീട് ഷാരൂഖിനെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണം നടത്തുകയും ഇയാൾ ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയാണെന്നും വിവരം ലഭിച്ചു.

തുടർന്ന് ഈ മാസം നല്ലളം ഇൻസ്‌പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ബെംഗളൂരിലേക്ക് തിരിച്ചു. കർണാടക രജിസ്‌ട്രേഷൻ വാഹനം വാടകയ്‌ക്കെടുത്തായിരുന്നു അന്വേഷണം. പ്രതി നിരന്തരമായി ഒളിത്താവളം മാറ്റുന്നത് പോലീസിന് വെല്ലുവിളിയായിരുന്നു. നാലുദിവസത്തോളം പേലീസ് ഇയാൾക്കായി തെരച്ചിൽ നടത്തി. ഷാരൂഖിനെ പിടികൂടുന്നതിനായി കർണാടക സ്‌ക്വാഡിന്റെ സഹായവും തേടി.

ഇതിനിടെ പ്രതി ബെംഗളൂരുവിലെ ഉൾഗ്രാമത്തിലുണ്ടെന്ന് വിവരം ലഭിച്ചു. ഇവിടെ നടത്തിയ വ്യാപക തെരച്ചിലിലാണ് പ്രതിയെ ആഡംബര ഫ്‌ളാറ്റിൽ നിന്ന് പിടികൂടിയത്. 11ാം നിലയിലായിരുന്നു ഇയാളുടെ അപ്പാർട്ട്‌മെന്റ്. ദേഹപരിശോധന നടത്തിയതിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച 3.5 ഗ്രാമോളം എംഡിഎംഎയും കണ്ടെടുത്തു.

വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിക്കുന്ന ശൃംഖലയുടെ വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള രാസലഹരിക്ക് അടിമകളായ നിരവധി യുവതികൾ ഇയാളുടെ താമസസ്ഥലത്തെ നിത്യസന്ദർശകരായിരുന്നു. കർണാടകയിൽ ഇയാളെ ലഹരി മരുന്നുമായി പിടികൂടിയെങ്കിലും കേസ് ഒതുക്കി തീർത്തു.

ആഡംബര ജീവിതമാണ് പ്രതി നയിച്ചത്. പ്രീമിയം ഇനത്തിൽപ്പെട്ട വസ്ത്രവും മറ്റ് വസ്തുക്കളുമാണ് ഉപയോഗിച്ചിരുന്നത്. അഞ്ച് ലക്ഷത്തോളം രൂപ വരുന്ന ബി.എം.ഡബ്ല്യു ബൈക്കും കൂടാതെ മറ്റൊരു വിലകൂടിയ ബൈക്കും ഇയാൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതായും അവ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.