നിശ്ചയിച്ച വിവാഹം മുടങ്ങില്ല, പെൺകുട്ടിക്ക് സഹായവുമായി സുരേഷ് ​ഗോപിയെത്തി

നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവർത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. ഭാര്യ രാധികയും ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം.

ചെറിയ ഇടവേളയെടുത്ത താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയിരുന്നു.സിനിമയിൽ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തിൽ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങൾ സുരേഷ്‌ഗോപിയെ സ്വീകരിച്ചത്. സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകൾക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്.

നടനും രാഷ്ട്രീയ പ്രവർത്തകനുമായ താരം ജനങ്ങളുടെ ഏതാവശ്യത്തിനും മുന്നിലിറങ്ങാറുണ്ട്. അശരണർക്ക് തണലാകുന്ന താരത്തിന്റെ ഒരു പ്രവർത്തിയാണ് വീണ്ടും പ്രശംസക്കിരയാക്കുന്നത്. നിശ്ചയിച്ച വിവാഹം സാമ്പത്തിക ബുദ്ധിമുട്ട് മൂലം മുടങ്ങുന്ന ഘട്ടത്തിൽ പെൺകുട്ടിക്ക് സഹായവുമായി ഗോപി എത്തി. വിവാഹത്തിന് സഹായം നൽകാമെന്ന് ഏറ്റിരുന്നവർ വാക്ക് മാറിയതോടെയാണ് കൈത്താങ്ങായി സുരേഷ് ഗോപി എത്തിയത്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തതിനാൽ, ഇടുക്കി ദേവികുളം ഹൈസ്‌കൂളിന് സമീപം പിഡബ്ല്യൂഡി ഉപേക്ഷിച്ച ഷെഡ്ഡിൽ ആണ് പെൺകുട്ടിയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത്.

ഈ മാസം ഒൻപതിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ധനസഹായം വാഗ്ദാനം ചെയ്തവർ പിന്മാറിയത് മൂലം വിവാഹം നടക്കില്ലെന്ന അവസ്ഥയിലായി. പിതാവ് 21 വർഷം മുൻപ് മരിച്ചതാണ്. അമ്മ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. കൊറോണ പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ട് വർഷമായി അമ്മയ്‌ക്കും ജോലിയില്ല.

ഇവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ദേവികുളം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ വിവരം സുരേഷ് ഗോപിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ബിജെപി ഇടുക്കി ജില്ലാ നേതൃത്വത്തെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് അറിയുകയും ചെയ്തു. ഇന്നലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ വച്ച് വിവാഹത്തിനാവശ്യമായ കല്യാണസാരിയും ഒരു ലക്ഷം രൂപയുടെ ചെക്കും സുരേഷ് ഗോപി പെൺകുട്ടിക്ക് കൈമാറുകയായിരുന്നു.