കൊവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്

രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്. നാലുലക്ഷം കുട്ടികളാണ് ഈ വർഷം ഒന്നാം ക്‌ളാസിൽ ചേർന്നിരിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13000 സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ 43 ലക്ഷം കുട്ടികൾ പഠിക്കാനെത്തും. കഴക്കൂട്ടം ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവം.

രണ്ടു വർഷം നടക്കാതിരുന്ന കായിക ശാസ്ത്ര മേളകളും കലോത്സവങ്ങളും ഈ വർഷം ഉണ്ടാകും. പാഠപുസ്തക യൂണിഫോം വിതരണം 90 ശതമാനം പൂർത്തിയായി. ഇനി ബാച്ചുകളോ ഇടവേളകളോ ഫോക്കസ് ഏരിയയോ ഒന്നുമില്ല. ആദ്യ മൂന്നാഴ്ച റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധം. ഭക്ഷണം പങ്കുവയ്കരുത്.

ഇതുവരെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്തദിവസങ്ങളിലും ഈ പരിശോധന തുടരും. 1.8ലക്ഷം അധ്യാപകരാണ് ഇന്ന് സ്കൂളിലേക്ക് എത്തുന്നത്. 353 പേരെ കഴിഞ്ഞദിവസം നിയമിച്ചു. ഡിജിറ്റൽ പഠനവും സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാറിന്റെ തീരുമാനം.