വികാരി പള്ളി ഓഡിറ്റോറിയത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങി മരിച്ച സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് നാടും വിശ്വാസികളും. കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് വികാരി ജീവനൊടുക്കിയത് എന്നാണ് സൂചന. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഫാ. സണ്ണി അറയ്ക്കലിനെ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പള്ളിയില്‍ ഫാ. സണ്ണി അറയ്ക്കലിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ വികാരിയെ കാണാതെ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.

മാരാരിക്കുളം ചെത്തി സ്വദേശിയാണ് ഫാ. സണ്ണി. കഴിഞ്ഞ അഞ്ചുവര്‍ഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയില്‍ വികാരിയായിരുന്നു. സഭയുടെ തന്നെ ചേര്‍ത്തലയിലുള്ള മറ്റൊരു ഇടവകയിലേക്ക് ഫാദറിന് സ്ഥലംമാറ്റം ലഭിച്ചതായി അടുത്തിടെ അറിയിപ്പ് ലഭിച്ചിരുന്നു. ഈ സ്ഥലം മാറ്റവും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നാണ് വിവരം. പള്ളിവികാരി ആത്മഹത്യ ചെയ്ത സംഭവം ഇടവക അംഗങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. ഇതിലേക്ക് നയിച്ച സംഭവങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നാണ് ഇടവകക്കാരും ആവശ്യപ്പെടുന്നത്.