ചികിത്സിക്കാൻ എന്തിനാണ് മതം, വിമർശനവുമായി സംവിധായകൻ ഖാലിദ് റഹ്മാൻ‌

ആശുപത്രിയിൽ രജിസ്ട്രേഷൻ ഫോമിൽ മതം ചോദിക്കുന്നതിനെതിരെ സംവിധായകൻ ഖാലിദ് റഹ്മാൻ. ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിമർശനമുന്നയിച്ചത്. ഖാലിദ് റഹ്‌മാന്റെ പേരിലുള്ള രജിസ്ട്രേഷൻ ഫോമിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ രജിസ്‌ട്രേഷൻ ഫോമിലാണ് മതം ചോദിച്ചുകൊണ്ടുള്ള പ്രത്യേക കോളം രജിസ്‌ടേഷൻ ഫോമിൽ ഉൾപ്പെടുത്തിയത്.

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് ഫേസ്ബുക്കിൽ രജിസ്‌ട്രേഷൻ ഫോം പുറത്തുവിട്ടത്. എന്തുകൊണ്ടാണ് ഒരു മെഡിക്കൽ സ്ഥാപനം പരിശോധനയ്ക്ക് മുമ്പ് മതം ആവശ്യപ്പെടുന്നത്?, നിങ്ങളെ കുറിച്ച് ലജ്ജിക്കുന്നു. എന്നായിരുന്നു അദ്ദേഹം ഫോട്ടോയ്ക്ക് കുറിപ്പായി ഫേസ്ബുക്കിൽ എഴുതിയത്. മതത്തിന്റെ കോളത്തിൽ ഇല്ല എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. എന്തായിലും സംവിധായകന്റെ പോസ്റ്റ് വൈറലായി മാറി. ഖാലിദ് റഹ്മാന് പിന്തുണയറിയിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ആശുപത്രികളില്‍ മതം ചോദിക്കുന്നതിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ആസിഫ് അലിയും രജിഷ വിജയനും ഒന്നിച്ച അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് ഖാലിദ് റഹ്‍മാൻ സംവിധായകനാകുന്നത്. ഉണ്ട, ലവ് തുടങ്ങിയവയാണ് ഖാലി​ദിന്റെ മറ്റ് ചിത്രങ്ങൾ.