സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ജൻപഥ് 10-ൽ നിന്നും ഖാർഗെയ്ക്ക് നിർദ്ദേശം ലഭിച്ചിരിക്കണം, അതാകും പങ്കെടുക്കാത്തത്, കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ജൻപഥ് 10-ൽ നിന്നും നിർദ്ദേശം ലഭിച്ചിരിക്കണം, അതാകും ഖാർഗെ പങ്കെടുക്കാത്തത്. പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം കേൾക്കാൻ എത്താതിരുന്ന കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ. ഒരുപക്ഷേ ഖാർഗെ ഇറ്റാലിയൻ സ്വാതന്ത്ര്യദിനത്തിന് പങ്കെടുത്തേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാരമ്പര്യവാദികളായ പാർട്ടിയുടെ ദേശീയ പ്രസിഡന്റാണ് ഖാർഗെയെന്ന് അദ്ദേഹം പറഞ്ഞു. അവിടെ ആ കുടുംബം പറയുന്നത് അനുസരിക്കുകയല്ലാതെ അദ്ദേഹത്തിന് മറ്റൊരു മാർഗ്ഗവുമില്ലാ. രാജ്യത്തെ പ്രധാനമന്ത്രിയെ കടന്നാക്രമിക്കാൻ അവർ പറയുമ്പോൾ അത് ചെയ്യുകയല്ലാതെ അദ്ദേഹത്തിന് വേറെ വഴിയില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

തങ്ങളുടെ സർക്കാർ അല്ലാത്തിടത്തോളം സ്വാതന്ത്ര്യദിനം ആഘോഷിക്കരുതെന്ന് അമ്മയും മകനും മകളും പറഞ്ഞിട്ടുണ്ടാകും അതാകും പങ്കെടുക്കാത്തത്. ഇത്തരത്തിൽ ജൻപഥ് 10-ൽ നിന്ന് അദ്ദേഹത്തിന് നിർദ്ദേശം ലഭിച്ചിരിക്കണം. ആ കുടുംബത്തിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.

കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് രാജ്യം വളരെ മികച്ച രീതിയിൽ വളർന്നു, അതിന്റെ തോത് വളരെ വേഗത്തിലായിരുന്നു. രാജ്യത്തെ കോൺഗ്രസ് പാർട്ടിയും അതിന്റെ നേതാക്കളും തകർന്നു പോയി. അവർ വിദേശത്ത് പോയി ഇന്ത്യയിലെ ജനാധിപത്യത്തെയും നിയമവാഴ്ചയെയും എല്ലാം കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും സർക്കാരിനെയും ആക്ഷേപിക്കുകയും ചെയ്യുന്നു.

അതുകൊണ്ട് തന്നെ കോൺഗ്രസ് പാർട്ടിയിൽ നിന്നും കൂടുതൽ ഒന്നും ഈ രാജ്യം പ്രതീക്ഷിക്കുന്നില്ല. കോൺഗ്രസ് പാർട്ടിയുടെ ചരിത്രം ഈ നാട്ടിലെ എല്ലാ ജനങ്ങൾക്കും അറിയാം. അവർ അടിയന്താരവസ്ഥയുടെ സമയത്ത് കാണിച്ചതും കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് നടത്തിയതൊക്കെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഇപ്പോൾ അവർ സർക്കാരിനെതിരെ വ്യജപ്രചരണം നടത്തുകയാണ്. ഇനിയും ജനങ്ങൾ ഇത്തരം നുണകളിൽ വീഴില്ല. അത് ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.