വിസ്മയ കേസ്: കിരണിന്റെ പിതാവ് കൂറുമാറി

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് തിരുവനന്തപുരം നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിന്റെ പിതാവ് സദാശിവന്‍പിള്ള കൂറുമാറിയതായി കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

വിസ്മയയുടെ കഴുത്തിലെ കെട്ടഴിച്ച്‌ ശുചിമുറിയില്‍ കിടത്തിയ നിലയിലാണ് താന്‍ വിസ്മയയെ കണ്ടതെന്നു മുന്‍പ് പൊലീസിനും മാധ്യമങ്ങള്‍ക്കും നല്‍കിയ മൊഴി നിഷേധിച്ചതിനെത്തുടര്‍ന്നു സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തലയണയ്ക്കടിയില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നും സദാശിവന്‍ പിള്ള കോടതിയില്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കി.

വിസ്മയ മരിച്ച ദിവസം രാത്രി 11.30 നു കരച്ചില്‍ കേട്ടു താന്‍ വീടിന്റെ മുകള്‍ നിലയില്‍ എത്തിയിരുന്നതായി സദാശിവന്‍പിള്ള കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്ന് ഒന്നരയോടു കൂടി കിരണിന്റെ ശബ്ദം കേട്ട് അവരുടെ മുറിയില്‍ എത്തി വിളിച്ചിട്ടും തുറക്കാതിരുന്നപ്പോള്‍ താനും കിരണും കൂടി വാതില്‍ തള്ളിത്തുറന്നു.

വിസ്മയ തൂങ്ങി നില്‍ക്കുന്നതാണു കണ്ടത്. താങ്ങി അഴിച്ചു കിടത്തിയെന്നും കിരണ്‍ കൃത്രിമ ശ്വാസം നല്‍കിയെന്നും സദാശിവന്‍പിള്ള മൊഴി നല്‍കി. മൂക്കില്‍ വിരല്‍വച്ചു നോക്കിയപ്പോള്‍ വിസ്മയ മരിച്ചതായി മനസ്സിലായി. തലയണയുടെ അടിയില്‍ ആത്മഹത്യാ കുറിപ്പും കണ്ടു. കുറിപ്പുമായി താന്‍ പൊലീസ് സ്റ്റേഷനില്‍ പോയി. രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് വിസ്മയയെ ആശുപത്രിയില്‍ കൊണ്ടുപോയത്.

അന്നു മാധ്യമങ്ങളോടും മറ്റും കള്ളം പറയുകയായിരുന്നെന്നും സാക്ഷി മൊഴി കോടതിയില്‍ നല്‍കി