വിവാഹപ്പന്തലിൽവെച്ച് വധുവിനെ ചുംബിച്ചു, വരന്റെ പ്രവൃത്തിയിൽ തമ്മിലടിച്ച് ബന്ധുക്കൾ

ലഖ്നൗ : നവ​ദമ്പതിമാരുടെ ചുംബനത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ വിവാഹച്ചടങ്ങിനിടെ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് ന​ഗറിലാണ് സംഭവം. വരൻ വധുവിന് വേദിയിൽവെച്ച് പരസ്യമായി ചുംബനം കൊടുത്തതാണ് വധുവിന്റെ വീട്ടുകാരെ ചൊടിപ്പിച്ചത്.

പ്രവൃത്തി വധുവിന്റെ വീട്ടുകാർ ചോദ്യംചെയ്തോടെ ഇരുകൂട്ടരും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായി. തുടർന്ന് വധുവിന്റെ ബന്ധുക്കൾ വടികളുമായെത്തി വേദിയിൽ കയറി വരന്റെ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇത് കൂട്ടയടിയിലേക്ക് വഴിവെച്ചു.

വധുവിന്റെ പിതാവ് ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാ​ഗങ്ങളിൽ നിന്നും അഞ്ചുപേരെ അറസ്റ്റുചെയ്തെന്നും ഇതുവരെ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അനിഷ്ഠസംഭവങ്ങളെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറാൻ വധുവും വരനും തീരുമാനിച്ചെങ്കിലും പിന്നീട് മധ്യസ്ഥചർച്ച നടത്തി മറ്റൊരു ദിവസം വിവാഹച്ചടങ്ങ് നടത്താൻ തീരുമാനിക്കുകയായിരുന്നു.