കോവിഡ് സഹായം അപര്യാപ്തം; സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ

തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ്  വിമർശനവുമായി കെ.കെ. ശൈലജ രംഗത്തെത്തിയത്. കോവിഡില്‍ പ്രതിസന്ധിയിലായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ അപര്യാപ്തമാണെന്നായിരുന്നു മുന്‍മന്ത്രിയുടെ വിമര്‍ശനം.

കോവിഡിനെ തുടര്‍ന്ന്​ കേരളത്തിലെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന്​ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ചെറുകിട ഇടത്തരം വ്യവസായ, വ്യാപാര മേഖലയിലുള്ളവരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയിലെ ജീവനക്കാര്‍ പട്ടിണിയിലാണ് -അവര്‍ പറഞ്ഞു.

പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്​നങ്ങള്‍ പരിഹരിക്കാനും ഇടപെടലുണ്ടാവണം. ഇതിനായി പ്രത്യേക പാക്കേജ്​ പ്ര​ഖ്യാപിക്കണം. പലിശ രഹിത വായ്​പയോ, കുറഞ്ഞ പലിശയിലുള്ള വായ്​പയോ നല്‍കണമെന്നും​ കെ.കെ.ശൈലജ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ പറഞ്ഞു.

ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ താല്‍ക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ എന്ന് അവര്‍ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവര്‍ ഉന്നയിച്ചു.