കോടഞ്ചേരി വിവാഹ വിവാദം; ജോർജ്.എം.തോമസിനെതിരെ നടപടിക്ക് സാധ്യത

കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം. തോമസിനെതിരേ നടപടിക്ക് സാധ്യത. വിവാദ വിഷയം സിപി ഐഎം സംസ്ഥാന സമിതി യോഗം പരിശോധിക്കും. തിങ്കളാഴ്ച ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്തിരുന്നു. ജോര്‍ജ് എം തോമസിനെതിരേ നടപടി വേണോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഇന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അറിയിച്ചേക്കും.

ഇതിനിടെ സംഭവത്തിലെ സിപിഐഎം ഇടപെടലിനെ വിമര്‍ശിച്ച് ദീപിക ദിനപ്പത്രം മുഖപ്രസംഗവുമായി രംഗത്തെത്തിയിരുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നും പാര്‍ട്ടിയെ അറിയിക്കണമായിരുന്നുവെന്ന സിപിഐഎം നേതാവ് ജോര്‍ജ് എം തോമസിന്റെ പ്രതികരണം വിചിത്രമാണെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹൈക്കോടതി ഇന്ന് തീർപ്പാക്കിയിരുന്നു. ജോയ്‌സ്‌നയെ ഹൈക്കോടതി ഭർത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ജോയ്‌സ്‌ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ജോയ്‌സ്‌നയെ കാണാനില്ലെന്നും ജോയ്‌സ്‌ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോർപസ് നൽകിയത്. ജോയ്‌സ്‌നയ്ക്ക് 26 വയസായെന്നും, പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാരോട് സംസാരിക്കാൻ താത്പര്യമില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ജോയ്‌സ്‌ന കോടതിയെ അറിയിച്ചു.തുടർന്ന് ഭർത്താവിനൊപ്പം പോകണമെന്ന ജോയ്‌സ്‌നയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.