കൊല്ലത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: പോലീസ് ഉദ്യോ​ഗസ്ഥനെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ മുഖത്തല കീഴവൂര്‍ സ്മിത മന്ദിരത്തില്‍ എ.സിജു (37) വാണ് മരിച്ചത്.

നവംബർ മുതൽ സിജു അവധിയിലായിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാനായി മടങ്ങുന്നുവെന്ന് പറഞ്ഞായിരുന്നു സിജു വീട്ടിൽ നിന്നും മടങ്ങിയത്. എന്നാൽ, പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. ഇതോട് കൂടി ഭാര്യ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം തിരക്കിയിരുന്നു. എന്നാൽ ജോലിക്ക് എത്തിയിട്ടില്ലെന്നായിരുന്നു മറുപടി.

സിജുവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സൈബര്‍ സെല്‍ പരിശോധിച്ചപ്പോള്‍ കൊല്ലം ടൗണിലാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് കൊല്ലം പായിക്കടയിലെ ഒരു ലോഡ്ജ് മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ ഹരിത.