സുധിയെ കാറിൽ നിന്നും പുറത്തെടുത്തത് എയർബാഗ് മുറിച്ച്; ദൃക്സാക്ഷി

കൊല്ലം സുധിയുടെ വിയോഗ വാർത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തമാശകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സുധിക്ക് ആദരാഞ്ജലി അർപ്പിച്ച് എത്തിയിരിക്കുകയാണ് സഹപ്രവർത്തകർ. ഷോയിൽ പങ്കെടുത്ത് പത്ത് മണിയോടെ വടകരയിൽ നിന്ന് യാത്ര തിരിക്കുന്നതിനിടെയാണ് അപകടം.

അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് സുധിയെ എയർബാഗ് മുറിച്ചാണ് പുറത്തിറക്കിയതെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. അപകട സമയക്ക് മുന്നിലെ സീറ്റിലായിരുന്നു സുധി ഇരുന്നത്. വാഹനത്തിൽ നിന്ന് ഡ്രൈവറെ പുറത്തിറക്കി കസേരിയിലിരുത്തുകയായിരുന്നു. അപ്പോഴേക്കും കുറേയാളുകൾ സമീപത്തേക്ക് ഓടിയെത്തുകയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുകയും ചെയ്തു.

ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ സംശയിക്കുന്നത്. നേർക്കുന്നേർ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. കാർ വരുന്നത് കണ്ട് മിനിലോറി ബ്രേക്ക് ചെയ്തിരുന്നെന്നും ഇവർ പറയുന്നു. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കിയാണ് ആശുപത്രിയിലേക്ക് കയറ്റി വിടുന്നത്. എന്നാൽ സുധിയെ രക്ഷിക്കാനായില്ല.

പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. വടകരയിൽ നിന്നും ന്യൂസ് ചാനലിൻറെ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് അപ്രതീക്ഷിത അപകടം സുധിയുടെ ജീവനെടുത്തത്. ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഇവരെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.