സുധിയുടെ രണ്ട് ഭാര്യമാരും ക്രിസ്ത്യാനികളായിരുന്നു, ഞാൻ ജാതി നോക്കാറില്ല- സുധിയുടെ സഹോദരൻ

കൊല്ലം സുധി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്. കൈക്കുഞ്ഞായിരുന്ന മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയപ്പോൾ തളരാതെ സുധി പിടിച്ചു നിന്നത് ആ മകന് വേണ്ടി ആയിരുന്നു. കിച്ചു എന്ന് വിളിക്കുന്ന രാഹുൽ ആയിരുന്നു സുധിയുടെ ജീവിതം എന്ന് തന്നെ പറയാം. കൊല്ലം സുധിയെക്കുറിച്ച് സഹോദരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സുധി ആദ്യം കല്യാണം കഴിച്ചതും ക്രിസ്ത്യനെ ആയിരുന്നു. രണ്ടാമത് കെട്ടിയതും അതെ. സുധിയുടെ ഭാര്യ എന്ന് പറഞ്ഞാൽ എന്റെ അനിയത്തിയാണ്. അതിന്റെ ജാതിയൊന്നും ഞാൻ നോക്കാറില്ല, പള്ളിയിൽ പോവാറുണ്ടോ എന്ന് പോലും ചോദിക്കാറില്ല. ഇവിടെ വന്നാൽ ഞങ്ങളൊന്നിച്ച് അമ്പലങ്ങളിലേക്കൊക്കെ പോവാറുണ്ട്.

സുധിയുടെ ആദ്യ സിനിമ ഞങ്ങൾ കണ്ടിരുന്നു. അവനാണ് കൊണ്ടുകാണിച്ചത്. ഇവിടെ വന്നാൽ എല്ലാവരും ഒന്നിച്ച് സിനിമയ്ക്ക് പോവും. ഫുഡൊക്കെ കഴിച്ച് ഞങ്ങളങ്ങ് പോവും. കോര എന്നാണ് അവൻ എന്നെ വിളിക്കുന്നത്. ഞാൻ കൂരി എന്നാണ് അവനെ വിളിക്കുന്നത്. സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ എന്നോട് വന്ന് വീമ്പ് പറയാറുണ്ട്. ഇപ്പോൾ ഒരു സിനിമ വരും, നോക്കിക്കോ എന്നൊക്കെ പറയും.

സുധിയുടെ കൂടെ പോവണമെന്ന് പറഞ്ഞ് മോൻ വാശി പിടിക്കുന്നത് കൊണ്ടാണ് അവൻ കൊണ്ടുപോയത്. അപ്പോൾ കർട്ടൻ പിടിക്കുന്നു എന്നേയുള്ളൂ. സുധി ഇവിടെയുണ്ടെങ്കിൽ അവൻ സ്‌കൂളിലൊന്നും പോവുകയേയില്ല. അവര് രണ്ടാളും കൂടെ കറങ്ങാനൊക്കെ പോവും. സുധി പോയ ശേഷം അവന്റെ സ്‌കിറ്റുകളൊന്നും കണ്ടിട്ടില്ല. മാനസികപ്രയാസമാണ്. അവൻ പരിപാടിക്ക് പോയെന്ന് വിശ്വസിക്കാനേ പറ്റൂ.

സുധിയുടെ ആദ്യവിവാഹം ഞങ്ങൾ അറിഞ്ഞില്ല. പരിപാടികൾക്കൊക്കെ പോവാനായി വീട്ടിൽ നിന്നും മാറി നിൽക്കാറുണ്ട്. ഒരു കത്തെഴുതി വെച്ചിട്ടുണ്ടെന്നും അത് നോക്കണമെന്നും എന്റെ ഭാര്യയോട് പറഞ്ഞിരുന്നു. തൃശ്ശൂര് ഒരു കുട്ടിയുമായി അടുപ്പത്തിലാണെന്നും, ഒരു കുട്ടിയുണ്ടെന്നുമൊക്കെയായിരുന്നു കത്തിൽ. ഞങ്ങൾക്കെല്ലാവർക്കും സങ്കടമായിരുന്നു. അങ്ങനെ അച്ഛനും അമ്മയും പെങ്ങളുമൊക്കെ പോയി അവരെ ഇങ്ങോട്ട് കൂട്ടി. സന്തോഷത്തോടെ ജീവിച്ച് വരികയായിരുന്നു അവർ. പിന്നീടാണ് അങ്ങോട്ടേക്ക് പോയത്.

അവര് ഡാൻസറായിരുന്നു. സുധിയാണ് കുട്ടിയെ പരിപാടികൾക്കൊക്കെ കൊണ്ടുപോയിരുന്നത്. സ്‌റ്റേജിന് പുറകിൽ കുട്ടിയെ കിടത്തിയാണ് പോയിരുന്നത്. അങ്ങനെയിരിക്കെയാണ് ആ കുട്ടി വേറൊരാളുടെ കൂടെ പോയത്. പിന്നെ സുധിയും മോനും ഇവിടെയായിരുന്നു. അമ്മയാണ് കുഞ്ഞിനെ നോക്കിയത്. ഞങ്ങളാരും നോക്കിയില്ലെന്ന് പറയാനാവില്ലല്ലോ. കാര്യങ്ങളറിയാതെയാണ് ആളുകൾ പലതും പറയുന്നത്. പിന്നീടാണ് രേണുവുമായുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. പ്രസവ സമയത്താണ് അവർ അങ്ങോട്ടേക്ക് പോയത്. കൊവിഡ് വന്നതോടെ അവർ അവിടെയായി. ഇടയ്‌ക്കൊക്കെ കുടുംബസമേതമായി ഇങ്ങോട്ടേക്ക് വരാറുണ്ട്. സന്തോഷത്തോടെയാണ് തിരിച്ച് പോവാറുള്ളത്.