കൊല്ലത്ത് പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം, കവർച്ച നടത്തിയത് ബൈക്കിലെത്തിയ യുവതിയും യുവാവും

കൊല്ലം: പുത്തൂരിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം. ബൈക്കിലെത്തിയ യുവതിയുൾപ്പെടെയുള്ള സംഘത്തിനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പൂവറ്റൂർ പടിഞ്ഞാറ് മാവടി പുനരൂർകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. മൂന്ന് കാണിക്കവഞ്ചികളാണ് ഇവിടെ നിന്നും കടത്തിക്കൊണ്ട് പോയത്. ബൈക്കിലെത്തിയ യുവതിയും യുവാവും കവർച്ച നടത്തുന്നതിന്റെയും കാണിക്കവഞ്ചി ഉപേക്ഷിച്ചതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

കൊടിമരച്ചുവട്ടിലും രണ്ട് ഉപദേവാലയങ്ങൾക്ക് മുന്നിലും സ്ഥാപിച്ചിരുന്ന കുടത്തിന്റെ ആകൃതിയിലുള്ള സ്റ്റീൽ നിർമ്മിത കാണിക്കവഞ്ചികളാണ് കവർന്നത്. മൈലംകുളം ക്ഷേത്രത്തിന് സമീപമുള്ള റബർ തോട്ടത്തിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കാണിക്കവഞ്ചികൾ കണ്ടെത്തി.

യുവാവ് കൊടിമരത്തിന് മുന്നിലായി സ്‌കൂട്ടർ നിർത്തിയ ശേഷം തൊഴുത് നിൽക്കുന്നതും യുവതി വഞ്ചിയെടുത്ത് ബാഗിൽ വയ്‌ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. പാന്റ്‌സും ടീഷർട്ടും വേഷത്തിലെത്തിയ യുവതി മാസ്‌ക് ധരിച്ചിരുന്നു. 5,000 രൂപയോളം വഞ്ചിയിൽ ഉണ്ടാകാമെന്നാണ് ക്ഷേത്ര അധികാരികൾ പറയുന്നത്.