യുവതിയെ ഭര്‍തൃവീട്ടില്‍ സംഭവം, കോന്നിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട : യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോന്നി പയ്യനാമണ്ണില്‍ ആണ് സംഭവം. അരുവാപ്പുലം സ്വദേശി ആശിഷ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശിഷിന്റെ ഭാര്യ ആര്യ കൃഷ്ണയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ച യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ആര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടിയിരുന്നു. ആശിഷ് പലപ്പോഴും മര്‍ദിച്ചിരുന്നതായും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഇവര്‍ക്ക് ഒന്നര വയസുള്ള ഒരു മകളുണ്ട്.

കേസില്‍ രണ്ട് ദിവസമായി ആശിഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ്. മര്‍ദനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. ആര്യയുടെ മരണത്തില്‍ ആശിഷിനെ അറസ്റ്റ് ചെയ്യാത്തതില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു.