കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ അച്ഛനും അമ്മയ്ക്കും നിര്‍ണായക പങ്കെന്ന് പോലീസ്

കൊല്ലം: പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയത്തുനിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയ്ക്കും അമ്മ രഹ്നയ്ക്കും പങ്കുണ്ടെന്ന് പോലീസ്. മാതാപിതാക്കളുടെ അറിവോടെയാണ് മൂന്നു വാഹനങ്ങളിലായി ക്വട്ടേഷന്‍ സംഘം കോട്ടയം മാന്നാനത്തെ വീട്ടില്‍ എത്തി കെവിനെ തട്ടിക്കൊണ്ടുപോയത്. അമ്മയും അച്ഛനും വാഹനത്തിലുണ്ടായിരുന്നു. സഹോദരന്‍ ഷാനു ചാക്കോയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

നാലു ദിവസമായി നീനുവിന്റെ മാതാപിതാക്കള്‍ കോട്ടയത്താണ്. ഇവരില്‍ നിന്ന് മൊഴിയെടുക്കുമെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലും കൊലപാതകവും ആസൂത്രണം ചെയ്തത് ഷാനു ചാക്കോ ആണ്. ഇക്കാര്യം എല്ലാം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് വാഹനം വിളിക്കുന്നതിനായി ഇവര്‍ പോയത്. കഴിഞ്ഞ ദിവസം നീനുവിന്റെ മാതാപിതാക്കള്‍ കോട്ടയത്ത് എത്തി നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ട് കെവിന്റെ വീട്ടില്‍ എത്തിയിരുന്നു.

ക്വട്ടേഷന്‍ സംഘം കോട്ടയത്ത് എത്തുന്നതിന് മുന്‍പ് നീനുവിന്റെ മാതാപിതാക്കള്‍ പ്രദേശത്ത് എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് കെവിന്റെ പിതാവ് രാജനും നല്‍കിയിരുക്കുന്നത്. മകളെ തേടി മാതാപിതാക്കള്‍ തന്റെ വീട്ടില്‍ എത്തിയിരുന്നുവെന്നും രാജന്‍ പറഞ്ഞു. കോട്ടയം പോലീസാണ് നിലവില്‍ ഈ കേസ് അന്വേഷിക്കുന്നത്. കൊല്ലം പോലീസ് അന്വേഷണത്തില്‍ സഹായിക്കുന്നുണ്ട്.

പോലീസിന്റെ നിഗമനം ശരിവയ്ക്കുന്ന വിധത്തിലാണ് അറസ്റ്റിലായ നിയാസിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. 25ന് പുലര്‍ച്ചെ വാഹനം ആവശ്യപ്പെട്ട് നിയാസിന്റെ അടുക്കല്‍ ഷാനു എത്തിയിരുന്നു. ഷാനുവിന്റെ അമ്മ രഹ്നയുടെ സഹോദരന്റെ മകനാണ് നിയാസ്. രഹ്നയും ചാക്കോയും പ്രണയ വിവാഹിതരാണ്. ഇതിന്റെ പേരില്‍ നാളുകളായി പിണങ്ങിക്കഴിഞ്ഞിരുന്ന കുടുംബം അടുത്ത കാലത്താണ് യോജിപ്പില്‍ എത്തിയത്. ക്വട്ടേഷന്‍ സംഘത്തിനായി മറ്റു വാഹനങ്ങള്‍ കിട്ടാതെ വന്നപ്പോഴാണ് അവര്‍ നിയാസിന്റെ സഹായം തേടിയത്. പോകാന്‍ വിസമ്മതിച്ച മകനെ നിര്‍ബന്ധിച്ചു വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് നിയാസിന്റെ അമ്മ പറഞ്ഞു.