കനത്ത മഴ തുടരുന്നു; കടലാക്രമണം രൂക്ഷം; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; മലങ്കരം ഡാം പരിസരത്ത് ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ/ തിരുവനന്തപുരം: സംസ്ഥാനത്തു ശക്തമായ മഴ തുടരുന്നു. പലയിടത്തും കടലാക്രമണവും ശക്തമാണ്. പടിഞ്ഞാറ് ദിശയില്‍ നിന്നു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ശക്തമായ കാറ്റ് വീശുമെന്നു മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ്, കന്യാകുമാരി മേഖലയിലും മത്സ്യബന്ധനത്തിനു പോകരുതെന്നും നിര്‍ദേശമുണ്ട്. കേരള-കര്‍ണാടക തീരത്തു കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായിരിക്കുകയാണ്. രാത്രിയില്‍ മഴ ശക്തമായി പെയ്യുന്നതു തുടര്‍ന്നാല്‍ ഇടുക്കി മലങ്കര ഡാം തുറക്കാന്‍ സാധ്യത ഉണ്ടെന്നും ജാഗ്രത വേണമെന്നും ഡാം സേഫ്റ്റി വിഭാഗം അറിയിച്ചു.

അതേസമയം കേരളത്തില്‍ കാലവര്‍ഷം എത്തിയതായാണു സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍ ചൊവ്വാഴ്ച കാലവര്‍ഷ പ്രഖ്യാപനം നടത്താനുള്ള തയാറെടുപ്പിലാണു കാലാവസ്ഥാ വകുപ്പ്. ആന്‍ഡമാന്‍ കടല്‍മേഖല പിന്നിട്ട കാലവര്‍ഷം കേരള തീരത്തേക്ക് അടുക്കുകയാണ്. കേരള തീരത്തെ ന്യൂനമര്‍ദം ഇതിന്റെ വേഗം വര്‍ധിപ്പിക്കാനും ഇടയുണ്ട്.

അതിനിടെ ആലപ്പുഴയിലെ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായി. ആറാട്ടുപുഴ- വലിയഴിക്കല്‍ തീരദേശ റോഡ് ഭാഗികമായി തകര്‍ന്നു. ആറാട്ടുപുഴ, വലിയഴിക്കല്‍, നല്ലാണിക്കല്‍, കള്ളിക്കാട്, രാമഞ്ചേരി പ്രദേശങ്ങളിലാണു രൂക്ഷമായ കടലാക്രമണമുണ്ടായത്.