നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; വരൻ ‘നായികാ നായികൻ’ താരം

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. നായികാ നായികൻ’ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട തേജസ് ജ്യോതിയാണ് വരൻ.

നേരത്തെ പരിചയമുണ്ടെങ്കിലും പ്രണയ വിവാഹമല്ലെന്നാണ് തേജസും മാളവികയും പറയുന്നത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് മാളവിക വെളിപ്പെടുത്തി. തട്ടിൻ പുറത്ത് അച്യുതൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള തേജസ് അതിന് ശേഷം ജോലി സംബന്ധമായ കാര്യങ്ങൾക്കായി ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. ഇതിനിടെ കല്യാണാലോചനകൾ വരാൻ തുടങ്ങിയപ്പോഴാണ് മാളവികയെ വിവാഹം കഴിച്ചാലോയെന്ന് ചിന്തിച്ചത്. അറിയാവുന്നയാളെ കല്യാണം കഴിക്കുന്നതാണ് നല്ലതെന്ന് തോന്നിയപ്പോൾ പ്രപ്പോസലുമായി മാളവികയെ സമീപിക്കുകയായിരുന്നുവെന്ന് തേജസ് പറയുന്നു.

തന്റെ 21-ാം വയസിലാണ് ഈ വിവാഹാലോചന വന്നതെന്ന് മാളവിക പറഞ്ഞു. ലോക്ക്ഡൗൺ സമയമായിരുന്നു. റിയാലിറ്റി ഷോയിലുണ്ടായിരുന്നപ്പോൾ പ്രേമം എന്ന റൗണ്ട് മുതലാണ് ഇരുവരും അടുത്ത് അറിയാൻ തുടങ്ങിയതെന്നും അതൊടുവിൽ വിവാഹം വരെ എത്തിയെന്നും മാളവിക പ്രതികരിച്ചു. ന്യൂ ഇയർ സർപ്രൈസ് എന്ന തലക്കെട്ടോടെയാണ് മാളവിക തന്റെ വിവാഹ കാര്യം തുറന്നു പറയുന്ന യൂട്യൂബിൽ വീഡിയോ പങ്കുവച്ചത്.