എന്റെ കൊച്ചനുജന്മാരും അനുജത്തിമാരും, എന്തിനാണ് ഈ വഞ്ചന- കൃഷ്ണകുമാര്‍

സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് വിവിധ യുവജന സംഘടനകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടനും ബി.ജെ.പി അംഗവുമായ കൃഷ്ണകുമാര്‍. സെക്രട്ടറിയേറ്റിനു മുന്നിലെ സമരമുഖത്ത് നേരിട്ടെത്തി സമരക്കാരോട് കൃഷ്ണകുമാര്‍ സംസാരിക്കുകയും ചെയ്തു.

‘പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന എന്റെ കൊച്ചനുജന്മാരേയും അനുജത്തിമാരേയും കാണുന്നതിനായി അവരുടെ സമരമുഖത്ത് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍പോയി. അവരുമായി സംസാരിച്ചു. എന്തൊരു അനീതിയാണ്. കേരളത്തിലെ ലക്ഷകണക്കിന് യുവാക്കള്‍ സര്‍ക്കാരിന്റെ ലിസ്റ്റില്‍ പ്രതീക്ഷയര്‍പ്പിച്ച്, ജോലി നല്‍കുമെന്ന സര്‍ക്കാരിന്റെ വാക്കും വിശ്വസിച്ച് അവരുടെ യൗവനം പാഴായി പോകുന്നു. എന്തിനാണ് ഈ വഞ്ചന.’ എന്നായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ മൂന്ന് ദിവസമായി സമരം നടക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.