ഷോക്കടിക്കുന്ന വൈദ്യുതി ബിൽ, പരാതിയുമായി മുന്നൂറിലധികം ഉപഭോക്താക്കൾ

ഇടുക്കി : വൈദ്യുതി ബിൽ കണ്ട് ഷോക്കേറ്റ അവസ്ഥയിലാണ് തൊടുപുഴയിലെ കെഎസ്ഇബി ഉപഭോക്താക്കൾ.
പത്തിരട്ടിയിലധികം തുക അടയ്ക്കാനുള്ള വൈദ്യുതി ബിൽ ലഭിച്ചതിനെ തുടർന്ന് മുന്നൂറിലധികം പേരാണ് കെഎസ്ഇബിയെ ഇതിനോടകം സമീപിച്ചത്. ശരാശരി 2,000-2,500 രൂപ ബില്ല് അടച്ചിരുന്ന ഗാർഹിക ഉപഭോക്താക്കൾ പുതിയ ബിൽ വന്നപ്പോൾ അമ്പരന്നു. 30,000 മുതൽ 60,000 രൂപ വരെയാണ് പലർക്കും ബിൽ തുക ലഭിച്ചത്.

തൊടുപുഴ ടൗണിൽ താമസിക്കുന്ന മണർകാട്ട് സണ്ണി സെബാസ്റ്റ്യൻ നേരത്തെ വൈദ്യുതി ചാർജിനത്തിൽ അടച്ചിരുന്നത് 2,200 രൂപയായിരുന്നു. എന്നാൽ പുതിയ മീറ്റർ റീഡിംഗ് കഴിഞ്ഞപ്പോൾ ബിൽ 60,611 ആയി വർധിച്ചു. 53,550 രൂപ എനർജി ചാർജും 5,355 രൂപ നികുതിയും ഉൾപ്പെടെയാണ് 60,611 രൂപ അടയ്ക്കാനുള്ള ബിൽ ആണ് കിട്ടിയത്.

ഇതിന് പിന്നാലെ നഗരസഭ അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉപഭോക്താക്കളും കെഎസ്ഇബിക്ക് മുന്നിൽ സമരവുമായെത്തി. വിഷയം ശ്രദ്ധയിൽപ്പെട്ടതായും താത്കാലികമായി പഴയ ബിൽ അനുസരിച്ചുള്ള തുക ഉപഭോക്താക്കൾ അടച്ചാൽ മതിയെന്നും കെഎസ്ഇബി അറിയിച്ചു. പിന്നാലെ പ്രതിഷേധിച്ചവർ സമരത്തിൽ നിന്ന് പിന്മാറി. മുന്നൂറിലധികം പരാതികളാണ് ബില്ലുമായി ബന്ധപ്പെട്ട ഇതിനോടകം കെഎസ്ഇബിക്ക് ലഭിച്ചത്.