വർക്കലയിൽ വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച ശ്രീലക്ഷ്മിയുടെ വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

അച്ഛൻ മരിച്ച കൃത്യം രണ്ടാഴ്ചയ്ക്കുശേഷം ശ്രീലക്ഷ്മി സുമംഗലിയാകുമ്പോൾ ഏകമകളുടെ വിവാഹം സ്വപ്നം കണ്ടിരുന്ന അച്ഛന്റെ ഓർമയ്ക്ക് മുന്നിൽ നീറുകയാണ് ഒരു ഗ്രാമം മുഴുവനും. എന്നാൽ ഇപ്പോൾ എല്ലാവരും അഭിനദിയ്ക്കുന്ന ഒരു ചെറുപ്പകാരനുണ്ട്. ശ്രീലക്ഷ്മിയുടെ പ്രതിശ്രുത വരൻ വിനു ഇത്രയും വലിയ ദുരന്തം സംഭവിച്ച കുടുംബത്തിനൊപ്പം നിൽക്കുകയും ആശ്വാസമാകുകയും ചെയ്ത ആ ചെറുപ്പക്കാരനെയാണ് എല്ലാവരും ഇപ്പോൾ ഹീറോ ആയി കാണുന്നത്. ശ്രീലക്ഷ്മിയുടെ കാമുകൻ എന്ന വ്യാജേന വീട്ടിൽ കടന്നു വന്നു ഇത്രയും പ്രതിസന്ധികൾ ഉണ്ടാക്കിയിട്ടും ആ കുടുംബത്തിനെ തളരാതെ പിടിച്ച നില്ക്കാൻ പ്രേരിപ്പിച്ചത് ആ യുവാവ് തന്നെയാണ്. ഇന്നത്തെ ക്കാലത്ത് ആ നന്മ കാണാതെ പോകരുതെന്ന് അഭിപ്രായം ഉയരുന്നു

ശ്രീലക്ഷ്മിയുടെ പ്രതിശ്രുത വരൻ സംഭവമറിഞ്ഞ സമയം മുതൽ രാജുവിന്റെ സംസ്‌കാര ചടങ്ങിലും മറ്റും സജീവ സാന്നിദ്ധ്യമായിരുന്നു. ശ്രീലക്ഷ്മിയുടെ പിതാവ് ആഗ്രഹിച്ചതുപോലെ വിവാഹം നടത്താനും കുടുംബത്തെ സംരക്ഷിക്കാനും തയ്യാറാണെന്ന് പ്രതിശ്രുത വരൻ അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോൾ സത്യമായിരിയ്ക്കുന്നു . വിവാഹത്തലേന്ന് സംഭവിച്ച ദുരന്തത്തിൽ പതറാതെ ആ യുവാവ് രാജുവിന്റെ കുടുംബത്തിന് ആശ്വാസമായി ഒപ്പമുണ്ട്.

ചെറുമയ്യൂർ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. നേരത്തെ ഈ വിവാഹം നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയുടെ കുടുംബം കടുത്ത സങ്കടക്കടലിൽ നിൽക്കെ വിവാഹം മാറ്റിവച്ചിരുന്നു. പിന്നീട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകി വിനുവും കുടുംബവും ഒപ്പം നിന്നു. വിനുവിന്റെ കുടുംബം മുൻകൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തിൽ വച്ച് നടത്തിയത്.അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് വളരെ ചെറിയ രീതിയിലാണ് നടത്തിയത്. നേരത്തെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരെ ക്ഷണിച്ച് ആഘോഷമായി നടത്താൻ നിശ്ചയിച്ച വിവാഹത്തിന്റെ തലേന്നായിരുന്നു രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ശ്രീലക്ഷ്മിക്കും കുടുംബത്തിനും വിവാഹത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല. മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം നടത്തില്ലെന്ന് ജിഷ്ണു അന്ന് തന്നെ വെല്ലുവിളിച്ചിരുന്നു.

കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചതിലെ വൈരാഗ്യം മൂലം വിവാഹത്തലേന്ന് വീട്ടിൽ അതിക്രമിച്ച് കയറി ജിഷ്ണുവും സഹോദരൻ ജിജിനും സുഹൃത്തുക്കളായ ശ്യം, മനു എന്നിവരും പ്രശ്നമുണ്ടാക്കുകയായിരുന്നു. പിന്നാലെ മൺവെട്ടി കൊണ്ട് രാജുവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ നാല് പേരും റിമാന്റിലാണ്. പ്രതികളെല്ലാം ലഹരിക്ക് അടിമകളാണെന്ന് നാട്ടുകാർ പറഞ്ഞു. എല്ലാവരോടും തട്ടിക്കയറുന്ന സ്വഭാവക്കാരാണ് ജിഷ്ണുവും സഹോദരനും. ഇരുവരും പണിക്കൊന്നു പോകാറില്ല. രാത്രിയായാൽ പ്രദേശം ഇവരുൾപ്പെട്ട സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉന്മാദത്തിൽ എന്തും കാണിക്കാൻ മടിക്കാത്ത ഇവർക്കിടയിലൂടെ വഴിനടക്കാൻ പോലും സ്ത്രീകൾക്ക് ഭയമാണ്.

വടശേരിക്കോണം ഭാഗത്ത് സമീപകാലത്തായി ലഹരി യഥേഷ്ടം എത്തുന്നതായും അതിന്റെ ഒടുവിലത്തെ ദുരന്തമാണ് രാജുവിന്റെ കൊലപാതകമെന്നും പൊതുപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. രണ്ട് വർഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യർത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങൾക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യർത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു. വെള്ള ഫോക്സ് വാഗൺ കാറിലാണ് പ്രതികൾ വീട്ടുമുറ്റത്തെത്തിത്.