കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു

കോട്ടയം: എംസി റോഡിൽ പള്ളത്ത് കെഎസ്ആർടിസി ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു. കോട്ടയം ബാറിലെ അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട് പറമ്പിൽ ഫർഹാന ലത്തീഫാ(24)ണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം എംസി റോഡിൽ പള്ളത്തായിരുന്നു അപകടം. പാലായിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻഭാഗം ഫർഹാന സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവർ ഫർഹാനയെ ഇതുവഴി എത്തിയ യുവാക്കളാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. കോട്ടയം ലീഗൽ തോട്ടിൽ വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു ഫർഹാന. മുൻ ലീഗൽ തോട്ട് യൂണിറ്റ് കമ്മിറ്റി അംഗം, മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, എംജി സർവ്വകലാശാല യൂണിയൻ അംഗം, ലീഗൽ തോട്ട് യൂണിയൻ ചെയർപേഴ്സൺ എന്നീ നിലകളിൽ ഫര്‍ഹാന പ്രവർത്തിച്ചിരുന്നു. സംസ്ക്കാരം പിന്നീട്.