കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി, ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

പാലക്കാട്. പാലക്കാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൽ വൻ വെട്ടിപ്പ് നടത്തിയകോർഡിനേറ്റർക്ക് സസ്പെൻഷൻ. പാലക്കാട് യൂണിറ്റിലെ കണ്ടക്ടറും ബജറ്റ് സെൽ കോർഡിനേറ്ററുമായ കെ.വിജയശങ്കറാണ് വെട്ടിപ്പ് നടത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

12 വ്യാജ രസീത് ബുക്കുകൾ അച്ചടിച്ച് വിജയശങ്കർ 1,21,110 രൂപ തട്ടിയെടുത്തതായി കെ.എസ്.ആർ.ടി.സി ഓഡിറ്റ് വിഭാഗം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. യാത്രകളുടെ വരുമാനം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി.

ബസ് സർവ്വീസ് നടത്തുന്ന തിയതിക്ക് മുൻപ് തന്നെ വ്യാജ രസീത് ഉപയോഗിച്ച് യാത്രക്കാരിൽ നിന്നും തുക കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

വിഷയത്തിൽ കോർപ്പറേഷൻ ആഭ്യന്തര വിഭാഗവും അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വെട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും. സംഭവത്തെത്തുടർന്ന് 2021 നവംബർ 15ന് പാലക്കാട് ഡിപ്പോയിൽ ആരംഭിച്ച ബജറ്റ് ടൂറിസം സർവീസ് സെല്ലിലെ മുഴുവൻ പണമിടപാടും പരിശോധിക്കുകയാണ് കെ.എസ്.ആർ.ടി.സി ഓഡിറ്റ് വിഭാഗം.