കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് വൈകീട്ട് മൂന്ന് മണിക്കു ചേരും. ഗതാഗത മന്ത്രി ആൻറണി രാജു, ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നിവരും ചർച്ചയിൽ പങ്കെടുക്കും. ശമ്പള പരിഷ്‌കരണം അനിശ്ചിതത്വത്തിൽ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളി സംഘടനകൾ നവംബർ 5 ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

കെഎസ്ആർടിസിയിലെ ശമ്പളപരിഷ്‌കരണം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം എംഡി വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് തൊഴിലാളി യുണിയനുകൾ അറിയിച്ചത്. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബർ 5 , 6 തിയതികളിലും എംപ്‌ളോയീസ് സംഘ് നവംബർ 5 നും പണിമുടക്കും. ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷൻ നവംബർ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബർ മാസം അവസാനത്തോട അടുക്കുമ്പോഴും കെഎസ്ആർടിസിയിൽ ഈ മാസത്തെ പെൻഷൻ വിതരണം ചെയ്തിട്ടില്ല.