കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ നഷ്ടം ഏകദേശം 6 കോടി

തിരുവനന്തപുരം ∙ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ കോർപറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി ആയി . കോർപറേഷന്റെ ദൈനംദിന ടിക്കറ്റ് കല‌ക്‌ഷൻ 5– 6 കോടി രൂപയാണ്. ഇന്ധനത്തിനുള്ള ഒരു ദിവസത്തെ ചെലവ് 3 കോടി. ഇതിനെ അടിസ്ഥാനമാക്കിയാൽ, രണ്ടു ദിവസങ്ങളിലായി 6 കോടിയോളം രൂപയുടെ വരുമാന നഷ്ടം സ്ഥാപനത്തിനുണ്ടായതായി അധികൃതർ പറഞ്ഞു. ടിക്കറ്റ് വരുമാനവും ഇന്ധന ചെലവും മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ഇരുപതിൽ താഴെ ഷെഡ്യൂളുകളാണ് കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തത്. ചില സ്ഥലങ്ങളിൽ സമരക്കാർ ബസ് തടഞ്ഞതിനെ തുടർന്ന് സർവീസ് മുടങ്ങി. സർവീസുകൾ നടത്തേണ്ടെന്ന നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. പണിമുടക്കിനോട് എതിർപ്പുള്ള യൂണിയനിലുള്ളവർ ചിലയിടങ്ങളിൽ ഡ്യൂട്ടിക്കെത്തിയെങ്കിലും ബസുകൾ സ്റ്റാൻഡിൽനിന്ന് പുറത്തിറക്കാൻ സമരാനുകൂലികൾ സമ്മതിച്ചില്ല. സമരത്തിനു സർക്കാർ അനുകൂലമായതിനാല്‍ കോർപറേഷൻ അധികൃതരും സർവീസ് നടത്താൻ നടപടികൾ സ്വീകരിച്ചില്ല.