ശമ്പളവിതരണത്തിലെ കാലതാമസം, ഇന്ന് കെഎസ്ആർടിസി പണിമുടക്ക്

തിരുവനന്തപുരം : ശമ്പളവിതരണത്തിലെ കാലതാമസത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ ഇന്ന് പണിമുടക്കും. 24 മണിക്കൂറിലെ പണിമുടക്ക് കഴിഞ്ഞ ദിവസം അർധരാത്രി മുതൽ ആരംഭിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളത്തിൽ ആദ്യഗഡു മാത്രമാണ് ജീവനക്കാർക്ക് ലഭിച്ചത്. ഏപ്രിൽ അഞ്ചിന് മുൻപ് മുഴുവൻ ശമ്പളവും നൽകാമെന്ന് ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

ഇതൊന്നും ഫലംകണ്ടില്ല. ഇതിനെ തുടർന്നാണ് ജീവനക്കാർ പണിമുടക്കാൻ തീരുമാനിച്ചത്. അതേസമയം
ജീവനക്കാരുടെ സമരം അംഗീകരിക്കില്ലെന്നും പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സിഐടിയു നേതാക്കളുടെ ആരോപണങ്ങൾ വ്യക്തിപരമായി എടുക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.

ശമ്പളം മുഴുവൻ നൽകാത്തതിൽ പ്രതിഷേധിച്ച് ചീഫ് ഓഫീസിനു മുന്നിൽ സിഐടിയു-ഐഎൻടിയുസി യൂണിയനുകള്‍ രണ്ട് ദിവസം മുൻപ് അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ഗതാഗതമന്ത്രിക്കും കെഎസ്.ആർ.ടി.സി മാനേജുമെന്‍റിനുമെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു രംഗത്തെത്തിയിരുന്നു. തെമ്മാടികൂട്ടങ്ങളെ നിലക്കു നിർത്താൻ സർക്കാർ തയ്യാറാകണമെന്ന് കെഎസ്.ആർ.ടി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.വി. വിനോദ് പറയുകയുണ്ടായി.