കുടുംബശ്രീ ചേച്ചിമാരുടെ വിമാനയാത്ര എന്ന സ്വപനം സഫലമായി

കൊല്ലം: വിമാനയാത്ര എന്ന തങ്ങളുടെ ഏറെ നാളത്തെ സ്വപനം സഫലമാക്കിയിരിക്കുകയാണ് കുടുംബശ്രീയിലെ അംഗങ്ങളായ ചേച്ചിമാർ. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ മുക്കുമ്പുഴ വാര്‍ഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയല്‍ക്കൂട്ടത്തിലെ അംഗങ്ങളാണ് അവരുടെ ദീര്‍ഘനാളത്തെ സ്വപ്‌നം സാക്ഷാത്കരിച്ചത്. കുടുംബശ്രീയിലെ അംഗങ്ങളെല്ലാവരും ചേര്‍ന്ന് ഈ കഴിഞ്ഞ നവംബര്‍ 22ന് ഒരു ആകാശയാത്ര നടത്തി.

78ക്കാരിയായ സതീരത്‌നം ഉള്‍പ്പെടെ ഒന്‍പത് പേര്‍ അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത യാത്രയുടെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണിപ്പോള്‍. വര്‍ഷങ്ങളായി ഇവര്‍ നടത്തിവരുന്ന ശ്രീമുരുക കാറ്ററിങ് എന്ന സംരംഭത്തിന്റെയും വിവിധ വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച തുക കൂട്ടിവച്ചാണ് ഈ സ്വപ്‌ന യാത്ര ഇവര്‍ സാക്ഷാത്കരിച്ചത്.

കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് എത്തിയ സംഘം അവിടെ മെട്രോ യാത്ര നടത്തിയ ശേഷം നെടുമ്പാശേരിയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. തിരുവനന്തപുരത്തെ ഷോപ്പിങ് മാളിലും സന്ദര്‍ശനം നടത്തിയ ശേഷം കുടുംബശ്രീ അംഗങ്ങള്‍ മടങ്ങിയത്.