തന്റെ പ്രതിഷേധം പിണറായിക്ക് കൊണ്ടതിനാല്‍ അറസ്റ്റ്; സ്ത്രീവിരുദ്ധ സര്‍ക്കാറാണെന്ന് വീണ്ടും പറയുന്നുവെന്ന് സംവിധായിക കുഞ്ഞില മാസിലാമണി

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയില്‍ നടത്തിയ പ്രതിഷേധം ചര്‍ച്ചയായിരിക്കെ വിശദീകരണവുമായി കുഞ്ഞില മാസിലാമണി.’എന്റെ സിനിമ പ്രദര്‍ശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയില്‍ മാത്രമല്ല, ഈ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങളില്‍ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ് എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ആ മുദ്രാവാക്യം വിളിച്ചു. രാജി വെയ്ക്കണം എന്ന് പറയിപ്പിക്കാന്‍ തോന്നുന്ന കാര്യങ്ങള് കേരളത്തിന്റെ മുഖ്യമന്ത്രി എന്തുകൊണ്ട് ചെയ്യുന്നു?,’ കുഞ്ഞില പ്രതികരിച്ചു.സ്ത്രീവിരുദ്ധ സര്‍ക്കാരിനെതിരായ തന്റെ നിലപാടാണ് വേദിയില്‍ പ്രകടിപ്പിച്ചതെന്ന് സംവിധായിക പറഞ്ഞു.

ടി പി ചന്ദ്രശേഖരനെ കൊന്നത് സിപിഐഎം ആണെന്നും കെ കെ രമ സിന്ദാബാദ് എന്നും മുദ്രാവാക്യം വിളിച്ചതുകൊണ്ടാണ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറസ്റ്റ് ചെയ്ത്. ഇന്നലെ ഞാന്‍ അനൗണ്‍സ് ചെയ്ത ചിത്രം ഇതാണ്. അടുത്ത വനിതാ ചലച്ചിത്ര മേളയില്‍ തന്റെ പ്രതിഷേധങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയാകും ഉദ്ഘാടന ചിത്രമെന്നും ‘അസംഘടിതര്‍’ സംവിധായിക ഫേസ്ബുക്കില്‍ കുറിച്ചു. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയ്ക്കിടെയാണ് സംവിധായിക വേദിയില്‍ കയറി പ്രതിഷേധിച്ചത്. ഉത്ഘാടന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് ഇരിക്കേണ്ട കസേരയില്‍ കുഞ്ഞിലാ മാസിലാമണി ഇരിപ്പുറപ്പിച്ചു. പരിപാടി ആരംഭിക്കുന്നത് അരമണിക്കൂറോളം മുന്‍പ് വേദിയില്‍ കയറി സംസാരിക്കുകയും ചെയ്തു. മന്ത്രിയുടെ കസേരയില്‍ നിന്ന് സംവിധായികയെ പൊലീസ് ബലം പ്രയോഗിച്ച്‌ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു.

സംവിധായകയുടെ പ്രതികരണം

എന്റെ പട്ടി ഷോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്. ഞാന്‍ ഇന്നത്തെ ദിവസം പറഞ്ഞ ഓരോ വാചകവും നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം. ഓരോ ചലനവും. യുക്തി ഉപയോഗിച്ച്‌ സംവദിക്കുക. ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിച്ച്‌ കേള്‍ക്കുക. ഞാന്‍ ഇന്ന് രാവിലെ കൊടുത്ത ഒരു ബൈറ്റില്‍ എന്തിന് വേണ്ടി ആണ് ഞാന്‍ പ്രതിഷേധിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു പെണ്ണ് അവരെ കേള്‍ക്കാന്‍ പറയുമ്ബോള്‍ കാതോര്‍ക്കുക. ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് മുഴുവന്‍ മനസ്സിലായില്ല എന്ന് വരാം. അത് സ്വാഭാവികം ആണ്.

എം എം മണി കെ കെ രമയെ പറഞ്ഞത് നമ്മള്‍ കേട്ടതാണ്. സിപിഐഎം ടി പി ചന്ദ്രശേഖരനെ കൊന്നത് നമ്മള്‍ കണ്ടതാണ്. അതിനെ പറ്റി പിണറായി വിജയന്‍ പറഞ്ഞത് എന്താണ് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്റെ സിനിമ കൈരളി ശ്രീയില്‍ കാണിക്കാത്തത് ഇക്കാര്യങ്ങള്‍ കൊണ്ടാണ് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ടാണ് കെ കെ രമ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചത്. എന്റെ സിനിമ പ്രദര്‍ശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയില്‍ മാത്രമല്ല, ഈ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങളില്‍ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ് എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ആ മുദ്രാവാക്യം വിളിച്ചു.

ആ മുദ്രാവാക്യം വിളിച്ചതിന് കൂടിയാണ് എന്നെ പിണറായി വിജയന്‍ അറസ്റ്റ് ചെയ്തത്. എന്ത് പറഞ്ഞാലും എല്ലാരും പിണറായി വിജയന്‍ രാജി വയ്ക്കണം എന്ന് പറയുന്നു എന്ന് പറയുന്ന കുറെ മീമുകള്‍ ഉണ്ടായിരുന്നു ഐസിയു വക. രാജി വെയ്ക്കണം എന്ന് പറയിപ്പിക്കാന്‍ തോന്നുന്ന കാര്യങ്ങള് കേരളത്തിന്റെ മുഖ്യമന്ത്രി എന്തുകൊണ്ട് ചെയ്യുന്നു എന്നാണ് അവയൊക്കെ കണ്ടിട്ട് എനിക്ക് തോന്നിയത്. ചിരി വന്നിരുന്നില്ല. ഇന്നലെ ഞാന്‍ ഒരു സിനിമ അന്നൗണ്‍സ് ചെയ്തിരുന്നു. ഇതാണ് ആ സിനിമ. അടുത്ത വനിതാ ഫെസ്റ്റിവലില്‍ ഈ പടം ആയിരിക്കും ഉദ്ഘാടന ചിത്രം.