മരണസംഖ്യ 50 ആയി, പരിശോധന കർശനമാക്കി കുവൈത്ത്, 568 ബേസ്മെന്റുകൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി : കുവൈത്ത് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ താമസ കെട്ടിടങ്ങളിൽ പരിശോധന കർശനമാക്കി അധികൃതർ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹ് പരിശോധന കാമ്പയിന് നേതൃത്വം നൽകി. നിയമലംഘനം വിളിച്ച് അറിയിക്കാൻ ഹോട്ട്ലൈൻ തുടങ്ങുമെന്ന് കുവൈത്ത് ആഭ്യാന്തരമന്ത്രി അറിയിച്ചു.

അൽ-മംഗഫ്, അൽ-മഹ്ബൂല, ഖൈത്താൻ, ജിലീബ് അൽ-ഷുയൂഖ് എന്നിവിടങ്ങളിൽ ആണ് പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, കുവൈറ്റ് ഫയർഫോഴ്‌സ്, വൈദ്യുതി, ജല മന്ത്രാലയം, മാനവശേഷിക്കായുള്ള പബ്ലിക് അതോറിറ്റി എന്നിവ പരിശോധനയിൽ പങ്കാളികളായി. മംഗഫിൽ കെട്ടിടത്തിന് തീപിടിച്ച് 50 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഉപയോ​ഗിച്ച് ഒഴിവാക്കിയ വസ്തുക്കൾ കെട്ടിടങ്ങളുടെ ബേസ്മെന്റിലോ പരിസരങ്ങളിലോ സൂക്ഷിച്ചാൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഇല്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം.

കഴിഞ്ഞ പത്ത് മാസത്തിനിടെ ക്രമക്കേട് കണ്ടെത്തിയ 568 കെട്ടിടങ്ങളിലെ ബേസ്മെന്റുകൾ അടച്ചുപൂട്ടിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. 189 ബേസ്മെന്റുകളിൽ അനധികൃതമായി സൂക്ഷിച്ച സാധനങ്ങൾ നീക്കി. അനധികൃതമായി താമസിപ്പിച്ചവരെ ഒഴിപ്പിച്ചു. ഇതോടൊപ്പം അപകടത്തിപ്പെട്ടവർക്കായി ധനസമാഹരണം നടത്താൻ ചാരിറ്റി സൊസൈറ്റികൾക്ക് സമൂഹ്യകാര്യ വകുപ്പ് അനുമതി നൽകിയിട്ടുണ്ട് .

അതിനിടെ ഒരു മരണം കൂടി സംഭവിച്ചതായി കുവൈത്ത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മരണസംഖ്യ 50 ആയി. മരിച്ച ഭാരതീയരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏത് രാജ്യക്കാരാനാണ് മരിച്ചതെന്ന് വ്യക്തമല്ല.അതേസമയം മരിച്ച മറ്റൊരാളുടെ മൃതദേഹം ഡിഎൻഎ പരിശോധനഫലം ലഭിച്ചശേഷം നാട്ടിലേക്ക് കൊണ്ടുവരും. ബിഹാറുകാരാനാണ് മരിച്ചതെന്നാണ് വിവരം.