സർക്കാർ ഫണ്ട് വെട്ടിച്ച KUWJ ട്രഷറർ സുരേഷ് വെള്ളിമംഗലത്തിനെ ദേശാഭിമാനി തിരുവനന്തപുരത്ത് നിന്നു പാലക്കാട്ടേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരം . കേസരി സ്മാരക ട്രസ്റ്റിലെ സർക്കാർ ഫണ്ട് വെട്ടിപ്പിൽ പ്രതിയായ കെ യുഡബ്ല്യുജെ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലത്തിനെ ദേശാഭിമാനി തിരുവനന്തപുരത്ത് നിന്നു പാലക്കാട്ടേക്ക് സ്ഥലം മാറ്റി. സർക്കാർ ഫണ്ട് വെട്ടിപ്പിനു പുറമെ ദേശാഭിമാനിയിൽ നിരവധി പരാതികൾ സുരേഷ് വെള്ളിമംഗലത്തിനെതിരെ ഉയർന്നിരുന്നു.

24 വർഷമായി തിരുവനന്തപുരത്തു ജോലി ചെയ്തിരുന്ന വെള്ളിമംഗലത്തിൻ്റെ സ്ഥലം മാറ്റം അപ്രതീക്ഷിതമാണ്. ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്തിന് ലഭിച്ച പരാതികളെ കുറിച്ച് ദേശാഭിമാനിയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൻ്റെ തുടർച്ചയായാണ് നടപടി. ദേശാഭിമാനിയിലെ വനിതാ സ്റ്റാഫ് നൽകിയ പരാതിയിൽ മുൻപ് സുരേഷ് വെള്ളിമംഗലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ജനറൽ മാനേജർ കെ.ജെ.തോമസ് സംരക്ഷിക്കുകയായിരുന്നു.

കെ.ജെ.തോമസിൻ്റെ പേരിൽ ലേഖനങ്ങൾ എഴുതിക്കൊടുത്തിരുന്നത് വെള്ളിമംഗല മാണ്. യൂണിയൻ ആസ്ഥാനത്ത് മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം ദേശാഭിമാനിയിലെ സഹപ്രവർത്തകർ മാധ്യമ പ്രവർത്തകയു ടെ കാലു പിടിച്ചാണ് ഒതുക്കിത്തീർത്തത്. കെ യുഡബ്ല്യുജെയിൽ സ്ഥിരം ഭാരവാഹികളായി തുടരുന്നവർ മാറി നിൽക്കണമെന്ന ദേശാഭിമാനി സെല്ലിൻ്റെ നിർദേശം ലംഘിച്ചാണ് വെള്ളിമംഗലം സംസ്ഥാന ട്രഷററാവുന്നത്. ഇതേ നിർദേശം ലംഘിച്ച കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് ഹാഷിമിനെയും പാലക്കാട്ടേക്ക് സ്ഥലം മാറ്റി.