വീട്ടിലേക്കു പോയിട്ട് ഒരു മാസത്തിലേറെയായി, വെള്ളം പോലും കുടിക്കാതെ പിപിഇ കിറ്റിനുള്ളില്‍ ആറോ ഏഴോ മണിക്കൂര്‍ നില്‍ക്കുന്നു, അനുഭവം പറഞ്ഞ് വിന്‍സി

കോവിഡ് എന്ന മഹാമാരിക്ക് എതിരെ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പോരാടുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഏവരും വീടുകളില്‍ ഒതുങ്ങി കൂടുമ്പോള്‍ അതിന് സാധിക്കാത്ത രണ്ട് വിഭാഗങ്ങളുണ്ട്, പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വീടുകളില്‍ പോകാനോ ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് കാണാനോ സാധിക്കാനോ സാധിക്കാതെ പല ആരോഗ്യ കേന്ദ്രങ്ങളിലും തുടരുന്നത്. ഇപ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ കോവിഡ് ടെസ്റ്റിങ് ലാബിലെ ടെക്‌നിഷ്യന്‍ വിന്‍സി തന്റെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയാണ്.

വിന്‍സിയുടെ വാക്കുകള്‍ ഇങ്ങനെ;

കൊറോണ വൈറസ് പരിശോധനയ്ക്കുള്ള സംവിധാനത്തിന്റെ ഭാഗമാവുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ മനസ്സില്‍ ചെറിയ ആശങ്കയുണ്ടായിരുന്നു. വൈറസുമായുള്ള ഇടപാടായതുകൊണ്ട് അതീവശ്രദ്ധ വേണം. എന്നാല്‍, കോവിഡ് വ്യാപിക്കാതിരിക്കാന്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ലാബിന് ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവോടെ മുന്നിട്ടിറങ്ങിയപ്പോള്‍ അഭിമാനപൂര്‍വം അതിന്റെ ഭാഗമായി. 27നാണു വൈറോളജി ലാബ് പ്രവര്‍ത്തനം തുടങ്ങിയത്.

പയ്യോളിയിലെ വീട്ടിലേക്കു പോയിട്ട് ഒരു മാസത്തിലേറെയായി. സാംപിളുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. വെള്ളം പോലും കുടിക്കാതെ പിപിഇ കിറ്റിനുള്ളില്‍ ആറോ ഏഴോ മണിക്കൂറൊക്കെ തുടര്‍ച്ചായായി നിന്നു പരിശോധനകള്‍ നടത്തുമ്പോഴും ആര്‍ക്കും മടുപ്പു തോന്നാറില്ല. നാടിനെ മഹാമാരിയില്‍ നിന്നു കരകയറ്റാന്‍ കൃത്യമായ പരിശോധനാ ഫലങ്ങള്‍ വൈകാതെ നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്.

രാവിലെ ഏഴരയ്ക്കാണ് ആദ്യ ഷിഫ്റ്റ് തുടങ്ങുന്നത്. 7ന് മുന്‍പ് എത്തി പിപിഇ കിറ്റ് ധരിച്ചു വേണം ലാബിലേക്കു കയറാന്‍. തെര്‍മോകോള്‍ പെട്ടികളില്‍ ത്രീ ലെയര്‍ പായ്ക്കില്‍ അടുക്കിവച്ചിരിക്കുന്ന സാംപിളുകള്‍ ഒന്നൊന്നായി അതീവ ശ്രദ്ധയോടെ എടുത്തുവേണം പരിശോധന തുടങ്ങാന്‍. ഡോക്ടറുടെ നിരീക്ഷണത്തിലാണു പരിശോധനകള്‍. ഓരോ ഷിഫ്റ്റിലും ലാബ് അസിസ്റ്റന്റും ടെക്‌നിഷ്യനും ഒപ്പമുണ്ടാവും. അഞ്ചോ ആറോ മണിക്കൂര്‍ നീളുന്ന പരിശോധനകളാണിത്. സാംപിളുകളുടെ എണ്ണം കൂടുതലാണെങ്കില്‍ സമയം ഇതിലേറെ വേണ്ടിവരും. ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നതിനു മുന്‍പേ ലാബും പരിസരവും അണുമുക്തമാക്കണം.