മരുമകന്റെ മർദനത്തിൽ മദ്ധ്യവയസ്‌ക മരിച്ചു, സംഭവം മലപ്പുറത്ത്

മലപ്പുറം : താനൂരിൽ മകളുടെ മുൻ ഭർത്താവിന്റെ മർദ്ദനമേറ്റ് മദ്ധ്യവയസ്‌ക മരിച്ചു. താനൂർ മൂലക്കൽ പണ്ടാരവളപ്പ് സ്വദേശി ജയ (50) ആണ് മരിച്ചത്. മകളുടെ മുൻ ഭർത്താവായിരുന്ന പ്രദീപാണ് ജയയെ മർദ്ദിച്ചത്. കൂടാതെ മകൾക്കും ഭർത്താവിനും മർദ്ദനമേറ്റു. വിവരമറിഞ്ഞെത്തിയ പോലീസാണ് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്.

ഇരുമ്പ് വടികൊണ്ട് അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജയ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അതേസമയം, തൃശൂരിൽ ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് യുവാവിന് വെട്ടേറ്റത്. കയ്പമംഗലം സ്വദേശി ഹരിദാസൻ നായർ (52) ആണ് കൊല്ലപ്പെട്ടത്. തൃശൂർ വലപ്പാടാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കേസിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹരിദാസൻ നായരുടെ സുഹൃത്തായ സുരേഷിന്റെ വീട്ടിലായിരുന്നു സംഘം മദ്യപിച്ചിരുന്നത്. തുടർന്ന് മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് യുവാവിന് വെട്ടേറ്റത്.