​ഗർഭിണിയാക്കിയ ശേഷം വിവാഹത്തിൽനിന്ന് പിൻമാറി ; ​ഗാനരചയിതാവ് വിഷ്ണു എടവനെതിരെ പരാതിയുമായി യുവതി

​ചെന്നൈ: ‘ലിയോ’ ​ഗാനരചയിതാവ് വിഷ്ണു എടവനെതിരെ ​ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തി. തന്നെ ഗർഭിണിയാക്കിയ ശേഷം വിഷ്ണു വിവാഹത്തിൽനിന്ന് പിൻമാറിയെന്നാണ് സുഹൃത്തു കൂടിയായ യുവതിയുടെ പരാതി. തമിഴിലെ പ്രശസ്ത യുവ ഗാനരചയിതാവും പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജിന്റെ സഹസംവിധായകൻ കൂടിയാണ് വിഷ്ണു. ചെന്നൈയ്ക്കടുത്ത് തിരുമം​ഗലം വനിതാ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

ഏറെ നാളായി വിഷ്ണുവുമായി പ്രണയത്തിലായിരുന്നു. ​ഗർഭിണിയായതിന് ശേഷം വീട്ടുകാർ വിവാഹം നിശ്ചയിച്ചെങ്കിലും, വിഷ്ണു പിന്നീട് ഇതിൽനിന്ന് പിന്മാറുകയായിരുന്നെന്നും തന്നെ വഞ്ചിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു വിഷ്ണു എടവൻ. മാസ്റ്റർ എന്ന ചിത്രത്തിലെ പൊലക്കാട്ടും പറ പറ’, ‘വിക്രമിലെ ‘പോർക്കണ്ട സിങ്കം’, ‘നായകൻ മീണ്ടും വരാർ’ എന്നീ ഹിറ്റ് ഗാനങ്ങൾ വിഷ്ണുവാണ് എഴുതിയത്. ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടംനേടിയതോടെ മറ്റ് ചിത്രങ്ങൾക്ക് ​ഗാനരചന നിർവഹിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ കവിൻ നായകനായ ‘ഡാഡ’ എന്ന ചിത്രത്തിലും ഗാനങ്ങള്‍ രചിച്ചത് വിഷ്ണുവാണ്. ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന് ​ഗാനങ്ങളെഴുതുന്നതും വിഷ്ണു ആണ്. തനിക്കെതിരായ പരാതിയിൽ ഇതുവരെ വിഷ്ണു പ്രതികരണം നടത്തിയിട്ടില്ല. സംഭവം ദേശീയ മാധ്യമങ്ങളുൾപ്പടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.