ഫെയ്‌സ്ബുക്ക് സൗഹൃദം , യുവാവിനെ കാണാൻ പാകിസ്താനിലെത്തിയ ഇന്ത്യക്കാരി നാട്ടിലേക്ക് മടങ്ങും

ന്യൂഡല്‍ഹി : സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെക്കാണാൻ പാകിസ്താനിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിനി വിസ കാലാവധി കഴിയുന്നതോടെ ഇന്ത്യയിലേക്ക് മടങ്ങും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത യുവതി നിഷേധിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് നസ്‍റുല്ലയെ (29) കാണാനാണ് ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയു​മായ അഞ്ജു പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് പോയതെന്നായിരുന്നു വാർത്ത. പബ്ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ പാക് സ്വദേശിനി സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത് വിവാദമായതിന് പിന്നാലെയായിരുന്നു ഇന്ത്യൻ യുവതി പാകിസ്താനിലെത്തിയത്.

നസ്‌റുള്ളയുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് അഞ്ജു ഇന്ത്യയില്‍നിന്ന് പാകിസ്താനിലെത്തിയതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്തകള്‍ നസ്‌റുള്ള നിഷേധിക്കുകയും ഓഗസ്റ്റ് 20 ന് അഞ്ജു ഇന്ത്യയിലേക്ക് മടങ്ങുമെന്നറിയിക്കുകയും ചെയ്തു. 2019 ലാണ് ഫെയ്‌സ്ബുക്ക് വഴി ഹ്യൂഹൃത്തുക്കളായത്. തനിക്ക് നസ്റുല്ലയുമായി മികച്ച സുഹൃദ് ബന്ധം മാത്രമാണ് ഉള്ളതെന്നും അത് ഇരു കുടുംബങ്ങൾക്കും അറിയാമെന്നും യുവതി പ്രതികരിച്ചു. ഇവിടെ ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാനും സ്ഥലങ്ങൾ കാണാനുമാണ് എത്തിയത്. സീമ ഹൈദറുമായി തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ല.

താൻ ജയ്പൂരിൽ സ്ഥലങ്ങൾ കാണാൻ പോകുകയാണെന്നാണ് ഭർത്താവിനോട് പറഞ്ഞതെന്നും ശേഷം പാകിസ്താ​നിലെത്തിയതെന്നും യുവതി സമ്മതിച്ചു. ഭർത്താവുമായി നല്ല ബന്ധത്തിലല്ല, വേർപിരിയാൻ പോകുകയാണ്. കുട്ടികളെ കരുതിയാണ് അദ്ദേഹത്തോടൊപ്പം നിൽക്കുന്നത്. ഇന്ത്യയിലെത്തി ബന്ധം വേർപ്പെടുത്തുകയും കുട്ടികൾക്കൊപ്പം കഴിയുകയും ചെയ്യും. വാഗ അതിർത്തി വഴിയാണ് പാകിസ്താ​നിലെത്തിയതെന്നും താൻ ഇവിടെ സുരക്ഷിതയാണെന്നും അഞ്ജു കൂട്ടിച്ചേർത്തു.