ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപം, പി. രാജീവിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതി

കൊച്ചി : ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫെയ്സ്ബുക് പേജിൽ പ്രസ്താവന നടത്തിയ ബി.സേതുരാജിനെതിരെ പൊലീസിൽ പരാതി. മന്ത്രി പി.രാജീവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയും മുൻ ജില്ലാ ഇൻഫർമേഷൻ ഓഫിസറുമാണ് സേതുരാജ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിന്റോ ജോണ്‍ ആണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് സേതുരാജിനെതിരെ പരാതി നല്‍കിയത്.

അരനൂറ്റാണ്ടെത്തുന്ന തന്റെ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം ഉമ്മൻ ചാണ്ടിയോടുള്ള വെറുപ്പാണെന്നും ഇനി ചെയ്യുന്ന ഓരോന്നും അദ്ദേഹത്തോടുള്ള വെറുപ്പിന്റെ പ്രകടനമാണെന്നുമാണു സേതുരാജ് കുറിച്ചത്. സർക്കാർ ശമ്പളം പറ്റുന്ന സേതുരാജിനു സർക്കാർ ഉദ്യോഗസ്ഥൻ പാലിക്കേണ്ട പെരുമാറ്റരീതികൾ ബാധകമാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിക്കും.

അതേസമയം ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കർ അവഹേളിച്ചുവെന്നാരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി നൽകി ബിജെപി. തിരുവനന്തപുരം ജില്ലാ ബിജെപി ഉപാധ്യക്ഷൻ ആർ എസ് രാജീവിന്റെതാണ് പരാതി. ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടിയെന്ന് ബിജെപി അറിയിച്ചു.

എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വിവാദ പ്രസ്താവന. സ്പീക്കർ എ എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ യുവമോർച്ചയും വിഎച്ച്പിയും പരാതി നൽകി.

‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയു​ഗത്തെ അം​ഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണമെന്നും ഷംസിർ പറയുകയായിരുന്നു.