ദിലീപിന്റെ ആ വാഗ്ദാനത്തിലാണ് സുനി വീണു പോയത്, വെളിപ്പെടുത്തി ലിബര്‍ട്ടി ബഷീര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. പള്‍സര്‍ സുനി നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിക്കാമെന്ന് വാക്ക് നല്‍കിയിരുന്നുവെന്നും നടിയെ ആക്രമിച്ച കേസ് കെട്ടിച്ചമച്ചതാണ് എന്ന് ദിലീപ് പറയുന്നതില്‍ കഴമ്പില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍: ” ദിലീപിന് ഇരയായ കുട്ടിയെ ആദ്യമായി പരിചയപ്പെടുത്തിയത് താനാണ്. കമലിന്റെ സിനിമയില്‍ ഇസ്തിരിയിടുന്ന തമിഴത്തി പെണ്‍കുട്ടി ആയിട്ടാണ് ആ കുട്ടി ആദ്യം അഭിനയിച്ചത്. അതിന് ശേഷം ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനത്തിന് അവളെ ആണ് ക്ഷണിച്ചത്. അതിഥിയായി ദിലീപും വന്നിരുന്നു. അവിടെ വെച്ച് താന്‍ ദിലീപിന് പരിചയപ്പെടുത്തിക്കൊടുന്നു. അന്ന് പട്ടണത്തില്‍ സുന്ദരന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഒരു പുതുമുഖ നായികയെ തേടി നടക്കുന്ന സമയമായിരുന്നു. അപ്പോള്‍ ദിലീപ് പറഞ്ഞു, നമ്മുടെ സിനിമയില്‍ പറ്റില്ല, ചെറുതായിപ്പോയി. ഫോട്ടം സൂക്ഷിച്ചോളൂ, അടുത്ത പടത്തില്‍ ഉപകാരപ്പെടും എന്ന്. ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയുടെ സമയത്ത് ഫാസിലും സിദ്ദിഖും വിളിച്ച് ഇങ്ങനെ ഒരു കുട്ടി ഉണ്ടല്ലോ എന്ന് ചോദിച്ചു.. അങ്ങനെ ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്തു.

കേസ് കെട്ടിച്ചമച്ചതാണ് എന്നുളള ദിലീപിന്റെ ആരോപണത്തില്‍ കഴമ്പില്ല. കേസ് സത്യം തന്നെയാണ്. പള്‍സര്‍ സുനിക്ക് പടം ചെയ്ത് കൊടുക്കാം എന്നും പണം കൊടുക്കാം എന്നുമാണ് തുടക്കത്തില്‍ വാഗ്ദാനം കൊടുത്തിരുന്നത്. സുനി പ്രൊഡ്യൂസ് ചെയ്യുന്നു, ദിലീപ് അഭിനയിക്കുന്നു. അന്നത്തെ സമയത്ത് ദിലീപിന്റെ ഡേറ്റ് കയ്യില്‍ ഉണ്ടെങ്കില്‍ തന്നെ പൈസ നമ്മുടെ കയ്യില്‍ എത്തുമായിരുന്നു. കയ്യില്‍ നിന്ന് പൈസയൊന്നും ഇറക്കേണ്ട. ഓട്ടോമാറ്റിക്കായി തന്നെ എല്ലാം നടന്ന് കൊള്ളും. ലാഭം വേറെ കിട്ടുകയും ചെയ്യും. ആ വാഗ്ദാനത്തിലാണ് സുനി വീണു പോയത്. സുനിയെ താന്‍ അഭിനന്ദിക്കും. ഈ സംഭവം നടന്നിട്ട് അവന് പണമൊന്നും കൊടുത്തിട്ടില്ല. ദിലീപ് പൈസ ചിലവാക്കാന്‍ നല്ല മടിയുളള ആളാണ്. മഞ്ജുവിന് ഒരു ഓണത്തിന് 1500 രൂപയുടെ സാരിയാണ് വാങ്ങിക്കൊടുത്തത്. ദിലീപ് എന്ന വ്യക്തി മഞ്ജു വാര്യര്‍ എന്ന ഭാര്യയ്ക്ക് 1500 രൂപയുടെ കസവ് സാരി വാങ്ങിക്കൊടുക്കുന്നു എന്ന് പറഞ്ഞാല്‍ അത് എത്രത്തോളം താഴ്ന്നതാണെന്ന് മനസ്സിലാക്കണം. ചെലവാക്കുന്ന കാര്യത്തില്‍ ദിലീപ് വളരെ മോശമാണ്. രണ്ട് മാസത്തോളം ജയിലില്‍ കിടന്നിട്ടും പോലീസ് തല്ലിയിട്ടും പള്‍സര്‍ സുനി ആളുടെ പേര് പറഞ്ഞിട്ടില്ല. പുറത്ത് നിന്ന് പല വാര്‍ത്തകള്‍ വന്നിട്ടും ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിട്ടും സുനി ഈ പേര് പറഞ്ഞില്ല.

സുനി പിടിച്ച് നിന്നു. ആ സമയത്ത് അന്‍പതിനായിരമോ ഒരു ലക്ഷമോ ബാങ്ക് അക്കൗണ്ടില്‍ ഇട്ട് കൊടുത്തിരുന്നുവെങ്കില്‍ സുനി ആ കുറ്റം ഏറ്റെടുക്കുമായിരുന്നു. കേസ് വല്ലാത്ത പ്രതിസന്ധിയിലായ സമയത്ത് ദിലീപിന്റെ പേരില്‍ അന്വേഷണം മുറുകുന്ന സമയത്ത്, മുഖ്യമന്ത്രിയുടെ പ്രസ്താവനയും വന്നു ദിലീപ് കുറ്റക്കാരനല്ലെന്ന്. ആ സമയത്ത് പണം കൊടുത്താന്‍ താന്‍ കുടുങ്ങുമോ എന്ന് ഭയന്ന് സുനിയെ ശ്രദ്ധിച്ചിട്ടേ ഇല്ല. നിയമസഹായം അടക്കം ഒരു സഹായവും സുനിക്ക് നല്‍കിയില്ല. ഒടുവില്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് ദിലീപിന്റെ പേര് പറഞ്ഞത്. ആ സത്യസന്ധത സുനി കാണിച്ചു. പക്ഷേ ദിലീപ് കാണിച്ചില്ല. ആ സമയത്തെ പത്രവാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ അറിയാം അവസാനം വരെ സുനി ദിലീപിന്റെ പേര് പറയാതെ നിന്നു. വക്കീലിനെ പോലും വെക്കാനുളള പണം കിട്ടിയില്ല. ആ സമയത്താണ് ദിലീപിന്റെ പേര് പറയുന്നത്.”